ഇന്ന് ലോക ക്ഷീരദിനം: ക്ഷീരകർഷകർക്കായുള്ള പദ്ധതികൾ പാതിവഴിയിൽ


1 min read
Read later
Print
Share

ചിറ്റിലഞ്ചേരി: സംസ്ഥാനത്ത് പാലുത്‌പാദനം സ്വയംപര്യാപ്തയിലേക്ക് അടുക്കുമ്പോഴും ക്ഷീരകർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികൾ പാതിവഴിയിൽ. ക്ഷീരകർഷകർക്കായി പ്രഖ്യാപിച്ച വർഷം മുഴുവൻ മിൽക്ക് ഇൻസെന്റീവ് പദ്ധതിയും മുഴുവൻസമയ മൃഗചികിത്സാ സൗകര്യവുമാണ് ഇനിയും പൂർണമായും നടപ്പാവാത്തത്.

പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് വർഷം മുഴുവൻ ഒരുലിറ്റർ പാലിന് നാലുരൂപ നൽകുന്നതാണ് മിൽക്ക് ഇൻസെന്റീവ് പദ്ധതി. ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയിൽ 2022 സെപ്റ്റംബറിൽ മാത്രമാണ് ഇൻസെറ്റീവ് തുക ലഭിച്ചത്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ ഓരോരൂപവീതവും ക്ഷീരവികസനവകുപ്പ് ഒരുരൂപയും ഉൾപ്പെടെ നാലുരൂപയാണ് പദ്ധതിപ്രകാരം നൽകുന്നത്. ഇതിനായി, ക്ഷീരവികസനവകുപ്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിയിൽ മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉൾപ്പെടുത്തി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിക്ക്‌ അപേക്ഷ നൽകിയെങ്കിലും നിർബന്ധിത പദ്ധതിയാക്കി മാറ്റുന്നതിന് നടപടിയുണ്ടായില്ല. ഇതോടെ, മിക്കപഞ്ചായത്തുകളും പാലുത്‌പാദനത്തിന് ആനുപാതികമായ തുക വകയിരുത്താതായതോടെ പദ്ധതി നടപ്പായില്ല.

മൃഗങ്ങളുടെ ചികിത്സച്ചെലവ് കുറയ്ക്കുന്നതിനും മുഴുവൻസമയ ചികിത്സ നൽകുന്നതിനുമായി എല്ലാ ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 29 ഇടങ്ങളിൽ മാത്രമാണ് തുടങ്ങിയത്. ചികിത്സാസൗകര്യമേർപ്പെടുത്തുന്നതിനായി 1962 എന്ന ടോൾഫ്രീ നമ്പർ ആരംഭിക്കുകയും ചെയ്തു. മറ്റുബ്ലോക്കുകളിൽകൂടി രാത്രികാല ചികിത്സയുൾപ്പെടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുവർഷമായിട്ടും നടപ്പായില്ല.

സംസ്ഥാനത്തെ മൂന്നുലക്ഷത്തിലധികം ക്ഷീരകർഷകർക്ക് മൃഗചികിത്സച്ചെലവുകൾ ലഘൂകരിക്കുന്നതിനായി തുടങ്ങിയ ക്ഷീരസാന്ത്വനം പദ്ധതിയും സർക്കാർ നിർത്തലാക്കി. ചെറിയ പ്രീമിയത്തിൽ രണ്ടുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിച്ചിരുന്ന പദ്ധതിയാണ് നിർത്തിയത്. ക്ഷീരവികസനവകുപ്പ് പദ്ധതിയുമായി എത്തിയതോടെ മിൽമ മേഖലാ യൂണിയനുകൾ നടപ്പാക്കിയിരുന്ന ചികിത്സാ ധനസഹായ പദ്ധതികൾ നിർത്തലാക്കുകയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..