കല്ലമല ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി ശോഭന പള്ളത്ത് പാർട്ടി പ്രവർത്തകരോടൊപ്പം ആഹ്ലാദപ്രകടനം നടത്തുന്നു
മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി ശോഭന പള്ളത്ത് അട്ടിമറിവിജയം നേടിയതോടെ പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായി. എൽ.ഡി.എഫിന് സിറ്റിങ് സീറ്റാണ് നഷ്ടമായത്. ഭരണത്തിന് പത്തു സീറ്റ് വേണമെന്നിരിക്കേ ഭൂരിപക്ഷമില്ലാതെ മുന്നണികൾ വിഷമത്തിലായി. 19-അംഗ ഭരണസമിതിയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. എൽ.ഡി.എഫ്.-9, യു.ഡി.എഫ്-7, ബി.ജെ.പി-3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
സി.പി.ഐ.യിലെ പി. പ്രമീള രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 382 വോട്ടാണ് സി.പി.ഐ.യ്ക്കു ലഭിച്ചത്. ബി.ജെ.പി. 187 വോട്ടു നേടി രണ്ടാമതും യു.ഡി.എഫ്. 184 വോട്ടു നേടി മൂന്നാമതുമായിരുന്നു. ഇത്തവണ ബി.ജെ.പി.ക്ക് 254 വോട്ടുകൾ കൂടുതൽ ലഭിച്ചു. സി.പി.ഐ.ക്ക് ഏഴു വോട്ടുകൾ മാത്രമാണ് കൂടിയത്. യു.ഡി.എഫിന് 54 വോട്ടിന്റെ കുറവുണ്ടായി.
ഭൂരിപക്ഷമില്ലാത്തത് ഭരണപ്രതിസന്ധിക്ക് ഇടവരുത്തും. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരാൻ ഇതിടയാക്കും. ചിറയ്ക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ ശോച്യാവസ്ഥ ബി.ജെ.പി.യുടെ വിജയത്തിൽ നിർണായകമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
കേവലഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ യു.ഡി.എഫുമായി സഹകരിക്കില്ലെന്ന് ബി.ജെ.പി. കരിമ്പ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ രവി അടിയത്ത് പറഞ്ഞു. പഞ്ചായത്തിലെ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാണ് യു.ഡി.എഫ്. ആഗ്രഹിക്കുന്നതെന്നും ബി.ജെ.പി.യുമായി സഹകരിക്കില്ലെന്നും പഞ്ചായത്തംഗം പി. രാജൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..