ഓർമയായത് താന്ത്രികതേജസ്സ്


2 min read
Read later
Print
Share

പട്ടാമ്പി : ജന്മംകൊണ്ടല്ല, കർമംകൊണ്ടാണ് ബ്രാഹ്മണനാവുന്നതെന്ന ഗുരുവചനത്തെ പ്രായോഗികതലത്തിലേക്കെത്തിച്ച ആചാര്യനാണ് അഴകത്ത് ശാസ്‌തൃശർമൻ നമ്പൂതിരിപ്പാട്. ഏതുക്രിയയും മനശ്ശുദ്ധിയോടെ, തൃപ്തിയോടെ നിർവഹിക്കണമെന്ന് ഉപദേശിക്കുകയും സ്വയം ചെയ്തുകാണിക്കുകയുമായിരുന്നു അദ്ദേഹം.

എന്റെ പ്രീഡിഗ്രിക്കാലത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അച്ഛൻ പറവൂർ ശ്രീധരൻ തന്ത്രികളുമായി അദ്ദേഹം അടുത്തബന്ധം പുലർത്തി. കൽപ്പുഴ ദിവാകരൻ നമ്പൂതിരിയുടെയും മാധവ്ജിയുടെയും പ്രധാന ശിഷ്യനായിരുന്നു.

കാഞ്ചികാമകോടി മഠാധിപതിയായിരുന്ന സ്വാമി ജയേന്ദ്രസരസ്വതി ഒരുതവണ ഗുരുവായൂരിലായിരുന്നു അദ്ദേഹത്തിന്റെ ചാതുർമാസ്യവ്രതം അനുഷ്ഠിച്ചത്. ആ സമയത്താണ് തന്ത്രശാസ്ത്ര, ജ്യോതിശാസ്ത്ര സമ്മേളനം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടത്തിയത്. അതിൽ പങ്കാളിയാവാൻ അച്ഛനുമെത്തിയിരുന്നു. കൂടെ ഞാനും.

കേരളത്തിലെ ക്ഷേത്രങ്ങളിൽ പലരീതിയിലുള്ള താന്ത്രിക-പൂജാ സംവിധാനമാണ് അന്ന് നിലനിന്നിരുന്നത്. ഇത് ഏകീകരിക്കാൻ എന്തുചെയ്യാനാവും, ആധികാരിക തന്ത്രഗ്രന്ഥമായ തന്ത്രസമുച്ചയം എങ്ങനെ ജന്മംകൊണ്ട് ബ്രാഹ്മണരല്ലാത്തവരിലേക്കും പകർന്നുനൽകാനാവും എന്നൊക്കെയുള്ള ഗുരുക്കന്മാരുടെ സംശയങ്ങൾക്ക് മറുപടിപറഞ്ഞത് മാധവ്‌ജിയാണ്. അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത് അത് ‘അപ്പു’വിനെക്കൊണ്ട് ചെയ്യിക്കാമെന്നാണ്. മാധവ്‌ജി അപ്പുവെന്ന് പറഞ്ഞത് ശാസ്‌തൃശർമൻ നമ്പൂതിരിപ്പാടിനെക്കുറിച്ചായിരുന്നു.

കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വരം ക്ഷേത്രം തുടങ്ങി ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുൾപ്പെടെ 25 പേരെ ചേർത്ത് ആലുവ അദ്വൈതാശ്രമത്തിലാണ് ആദ്യത്തെ തന്ത്രവിദ്യാ പഠനശിബിരം നടത്തിയത്. ഞാനും അതിന്റെ ഭാഗമായി. ഈ നിയോഗം കേരളത്തിലെ അബ്രാഹ്മണരിലേക്ക് തന്ത്രവിദ്യ എത്തിക്കാൻ വഴിതുറന്നു. പക്ഷേ, അക്കാലത്തെ യാഥാസ്ഥിതിക സമൂഹം വെറുതെയിരുന്നില്ല. എതിർപ്പുകൾ ഉയർന്നു. തന്ത്രിസമാജത്തിൽനിന്ന് അദ്ദേഹം പുറത്തായി. പല ക്ഷേത്രങ്ങളും താന്ത്രികച്ചുമതലയിൽനിന്ന് അഴകത്തിനെ പുറത്താക്കി.

അക്കാലത്ത് ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘എന്നെ തന്ത്രിസമാജത്തിൽനിന്ന് പുറത്താക്കി. ഒരു നിവൃത്തിയുമില്ലാതായാൽ ഞാൻ തന്റെകൂടെ വരും’. അങ്ങ് ഇപ്പോഴും എന്റെകൂടെ ഉണ്ടല്ലോ എന്നായിരുന്നു എന്റെ മറുപടി. ആ മറുപടി ഇപ്പോഴുമുണ്ട്. ഗുരുനാഥൻ എന്നും കൂടെത്തന്നെയുണ്ടായിരുന്നു. താന്ത്രികച്ചടങ്ങുകളുമായി ബന്ധപ്പെട്ട് എന്തുസംശയവും ദൂരീകരിക്കാൻ അദ്ദേഹം കൂടെയുണ്ടായിരുന്നു.

ആ സംഭവത്തിനുശേഷം കേരളത്തിനകത്തെയും പുറത്തെയും ഒട്ടേറെ ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യപദവി അദ്ദേഹത്തിലേക്ക് വന്നുചേർന്നു.

സ്നേഹം നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റവും ഇടപെടലുകളും വിശേഷിപ്പിക്കാൻ വാക്കുകളില്ല. ജീവിതം നിഷ്ഠാപൂർവമായിരുന്നു. ആചാരങ്ങളിലും ഉപാസനകളിലും പൂജകളിലും അത്രമേൽ ലയിച്ചുചേർന്ന ആത്മീയജീവിതത്തിന്റെ ഉടമ. ദാനധർമങ്ങളും അദ്ദേഹം തുടർന്നു. തനിക്ക് കിട്ടുന്നതെന്തും അദ്ദേഹം ആവശ്യമറിഞ്ഞു നൽകി. അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാടിനെ ശിഷ്യൻ പറവൂർ രാകേഷ് തന്ത്രി അനുസ്മരിക്കുന്നു

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..