തന്ത്രി അഴകത്ത് ശാസ്‌തൃശർമൻ നമ്പൂതിരിപ്പാട് അന്തരിച്ചു


2 min read
Read later
Print
Share

അന്തരിച്ചത് ബുധനാഴ്ച രാവിലെ മുന്നൂറ്റമ്പതിലധികം ക്ഷേത്രങ്ങളുടെ തന്ത്രി

Caption

പട്ടാമ്പി : ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റും താന്ത്രികാചാര്യനുമായ പട്ടാമ്പി മുതുതുല കൊഴിക്കോട്ടിരി അഴകത്ത് ശാസ്‌തൃശർമൻ നമ്പൂതിരിപ്പാട് (74) അന്തരിച്ചു. ചെർപ്പുളശ്ശേരി അയ്യപ്പൻകാവുൾപ്പെടെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി മുന്നൂറ്റിയമ്പതിലേറെ ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്.

1950-ലാണ് ജനനം. കൊഴിക്കോട്ടിരി അഴകത്തുമന പരേതരായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും സ്കൂൾപഠനത്തിനുംശേഷം 22-ാം വയസ്സിൽ ആലുവയിലെ തന്ത്രവിദ്യാപീഠം നടത്തിയ താന്ത്രിക പഠനകോഴ്‌സിലെ ആദ്യബാച്ചിലെ വിദ്യാർഥിയായി. പിന്നീട് അവിടത്തെ അധ്യാപകനും തന്ത്രവിദ്യാപീഠത്തിന്റെ പ്രസിഡന്റുമായി. വേദങ്ങളിലും തന്ത്രത്തിലും അഗാധ പ്രാവീണ്യവും നേടി.

കാഞ്ചി കാമകോടി പീഠത്തിൽനിന്ന്‌ സ്കോളർഷിപ്പ് ലഭിച്ച ആദ്യ വിദ്യാർഥികൂടിയായിരുന്നു. തന്ത്രരത്നം ബിരുദവും കരസ്ഥമാക്കി. പ്രഥമ മാധവീയം പുരസ്കാരം, അഭിനവ ശങ്കരാചാര്യ പുരസ്കാരം, ഗുരുശ്രേഷ്ഠ പുരസ്കാരം, താന്ത്രികാചാര്യ പുരസ്കാരം, നാഗകീർത്തി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികളും ലഭിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഭാര്യ: നളിനി. മകൾ: രമാദേവി. മരുമകൻ: മിഥുൻ മാധവ്. സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരിപ്പാട് ആമ്പല്ലൂർ, അഷ്ടമൂർത്തി നമ്പൂതിരിപ്പാട്, ദാമോദരൻ നമ്പൂതിരിപ്പാട്, രവീന്ദ്രൻ നമ്പൂതിരിപ്പാട്, പരേതരായ പരമേശ്വരൻ നമ്പൂതിരിപ്പാട്, യു.സി. സീത. അഴകത്തിന്റെ വിയോഗം മാധവ്ജിയുടെ 97-ാം ജന്മവാർഷിക ദിനത്തിൽ

ചെർപ്പുളശ്ശേരി : തന്ത്രരത്നം ശാസ്‌തൃശർമൻ നമ്പൂതിരിപ്പാടിന്റെ വിയോഗം ഗുരുവും ആലുവ തന്ത്രവിദ്യാപീഠം സ്ഥാപകനുമായ മാധവ്ജിയുടെ 97-ാം ജന്മവാർഷികദിനത്തിൽ. മാധവ്ജിയുടെ ശിഷ്യരിൽ പ്രധാനിയായും പിൻഗാമിയുമായിരുന്നു ബുധനാഴ്ച പട്ടാമ്പിയിൽ അന്തരിച്ച അഴകത്ത് ശാസ്‌തൃശർമൻ നമ്പൂതിരിപ്പാട്.

തന്ത്രവിദ്യാപീഠത്തിൽ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ കീഴിലായിരുന്നു താന്ത്രികപഠനം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്ത്രവിദ്യാപീഠത്തിൽനിന്ന് ആദ്യത്തെ ‘തന്ത്രരത്നം’ ബഹുമതിക്ക് അഴകത്ത് അർഹനായി. തന്ത്രവിദ്യാപീഠത്തിൽ വർഷങ്ങളോളം അധ്യാപകനായും പലതവണ അധ്യക്ഷനായും അഴകത്ത് സേവനമനുഷ്ഠിച്ചു.

ധർമദൈവമായ ചെർപ്പുളശ്ശേരി ശാസ്താവിന്റെ പേരിടണമെന്ന കാരണവന്മാരുടെ താത്പര്യംകൊണ്ടാണ് ശാസ്‌തൃശർമൻ എന്നപേരിട്ടത്. പ്രിയപ്പെട്ടവർക്കിടയിൽ ‘അപ്പുവേട്ടൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ചുറ്റമ്പലം നവീകരണകലശം, സ്വർണക്കൊടിമരം പ്രതിഷ്ഠ ഉൾപ്പെടെയുള്ള പുനരുദ്ധാരണപ്രവൃത്തികളുടെ താന്ത്രികക്രിയകൾക്ക് കാർമികത്വമേകിയത് അഴകത്താണ്.

താന്ത്രികക്രിയകളിൽ വിട്ടുവീഴ്ചയില്ലാത്ത ചിട്ടയും നിഷ്‌കർഷയുമാണ് ഗുരുസ്ഥാനീയനായ അഴകത്തിനുണ്ടായിരുന്നതെന്ന് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മേൽശാന്തി തെക്കുംപറമ്പത്തുമന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അയ്യപ്പൻകാവ് മുൻ മേൽശാന്തി അകത്തേക്കുന്നത്തുമന കൃഷ്ണൻനമ്പൂതിരി എന്നിവർ അനുസ്മരിച്ചു.

അന്തിമോപചാരമർപ്പിക്കാൻ നിരവധിപേർ

മുതുതല : അന്തരിച്ച അഴകത്ത് ശാസ്‌തൃശർമൻനമ്പൂതിരിപ്പാടിന് അന്തിമോപചാരമർപ്പിക്കാൻ രാവിലെമുതൽ സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ടവരാണ് കൊഴിക്കോട്ടിരിയിലെ മനയിലേക്ക് എത്തിയത്.

നടൻ മോഹൻലാൽ സാമൂഹികമാധ്യമത്തിലൂടെ അനുശോചനമറിയിച്ചു. താൻ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും തന്ത്രിയുടെ വിയോഗം വലിയനഷ്ടവും വേദനയുമാണെന്നും മോഹൽലാൽ കുറിച്ചു.

മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യും അനുശോചിച്ചു.

ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, സിനിമാതാരം രചന നാരായണൻകുട്ടി, ആലുവ തന്ത്രപീഠം വർക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, തന്ത്രിമാരായ പറവൂർ രാകേഷ്, സുകുമാരൻ ഞാറക്കൽ, സൗമിത്രൻ, രാമൻ ഭട്ടതിരിപ്പാട്, അണ്ടലാടി കിരാതമൂർത്തി നമ്പൂതിരിപ്പാട് എന്നിവരെക്കൂടാതെ വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, വിവിധ ഹൈന്ദസംഘടനാ ഭാരവാഹികൾ തുടങ്ങിയവരും വീട്ടിലെത്തി അനുശോചനമറിയിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..