• ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടക്കുന്ന മലമ്പുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കങ്ങൾ നടത്തുന്ന അധ്യാപകർ
ഒറ്റപ്പാലം : പുതിയ ബാഗ്, കുട, വസ്ത്രം, പുതിയ കൂട്ടുകാർ, അപരിചിതമായ സ്ഥലം... ഒന്നാംക്ലാസിലേക്കെത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യാഴാഴ്ച ഉത്കണ്ഠ നിറഞ്ഞ ദിവസമാണ്. സ്കൂൾ സാഹചര്യങ്ങളുമായി കുട്ടികൾ പൊരുത്തപ്പെടുമോ എന്ന ആശങ്കയിലാകും രക്ഷിതാക്കൾ. എന്നാൽ, കുട്ടികൾക്ക് വേഗം പൊരുത്തപ്പെടാനാകുന്ന സാഹചര്യങ്ങളൊരുക്കിയാണ് ഓരോ സ്കൂളുകളും പ്രവേശനോത്സവത്തിന് തയ്യാറെടുത്തിട്ടുള്ളത്.
ജില്ലയിൽ പുതിയ അധ്യയനവർഷത്തിൽ 8,113 കുട്ടികളാണ് ഒന്നാംക്ലാസിൽ ചേർന്നിട്ടുള്ളത്. പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് വിദ്യാഭ്യാസജില്ലകളിലെ 1,004 സ്കൂളുകളിലായാണ് ഇത്രയും കുട്ടികളെത്തുന്നത്. സ്കൂൾ തുറന്നശേഷം ആറുദിവസംവരെ കുട്ടികളെ ചേർക്കാനാകും. അതിനാൽ, ഇനിയും വിദ്യാർഥികളുടെ എണ്ണം കൂടും. ക്ലാസ്‌മുറികളും കെട്ടിടങ്ങളും അലങ്കരിച്ചും ചിത്രപ്പണികളൊരുക്കിയും വ്യാഴാഴ്ച ഒന്നാംക്ലാസുകാരെ സ്വീകരിക്കും. കലാപരിപാടികളും മധുരവിതരണവും ഒരുക്കിയാണ് ചില സ്കൂളുകൾ പ്രവേശനോത്സവം നടത്തുന്നത്.
മറ്റുക്ലാസുകളിലേക്കും കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. വ്യാഴാഴ്ച ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലായി 7.27 ലക്ഷം വിദ്യാർഥികൾ സ്കൂളിലെത്തും. ഇതിനുപുറമേ, പ്ലസ്ടു ക്ലാസുകളും തുടങ്ങും.
അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താൻ എ.ഇ.ഒ. മാരെയും ഡി.ഇ.ഒ.മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരായ്മകൾ കണ്ടെത്തി ഉടൻ പരിഹരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ചില സ്കൂളുകൾക്ക് സുരക്ഷാസർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നവുമുണ്ട്. ഒരുദിവസത്തിനകം ഇതും പൂർത്തിയാകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ പറഞ്ഞു.
സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനം താലൂക്കുതലത്തിൽ മോട്ടോർവാഹനവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, എല്ലാ സ്കൂൾ ബസുകളുടെയും പരിശോധന കഴിഞ്ഞിട്ടില്ല. സ്കൂൾ തുറന്നശേഷവും പരിശോധന നടക്കും.
പുസ്തകവിതരണത്തിന് സ്കൂൾ ബസുകളും
:സ്കൂളുകൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ സ്കൂൾ ബസുകളും ഉപയോഗിക്കുന്നു. ആകെ വേണ്ട 26.13 ലക്ഷം പുസ്തകങ്ങളിൽ ഇതുവരെ 24 ലക്ഷമാണ് വിതരണംചെയ്തിട്ടുള്ളത്. കഴിഞ്ഞദിവസം ഒരുലക്ഷം പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. അവ വേഗത്തിൽ വിതരണംചെയ്യാനാണ് സ്കൂൾ ബസുകൾ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാവിലേക്കകം എല്ലാ പുസ്തകങ്ങളും സ്കൂളിലെത്തിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..