ഷൊർണൂർ : ഒരു പൊതുവിദ്യാലയംകൂടി അരങ്ങൊഴിയുന്നു. ഷൊർണൂർ ചുഡുവാലത്തൂർ എസ്.ആർ.വി.എൽ.പി. സ്കൂളിനാണ് താഴുവീഴാൻ കാത്തിരിക്കുന്നത്. 2021-ൽ ഒരു വിദ്യാർഥി പഠിച്ച സ്കൂളിൽ 2022-ൽ ആരും എത്താതായതോടെ അധ്യാപിക മാത്രമായിരുന്നു. ഈ അധ്യാപികയെയും സർക്കാർ സംരക്ഷിതാധ്യാപകരുടെ പട്ടികയിൽ ഉൾപ്പെടുത്തി വല്ലപ്പുഴ ഒ.എ.എൽ.പി സ്കൂളിലേക്ക് മാറ്റി. അധ്യാപികയും ഇല്ലാതായതോടെ സാങ്കേതികമായി സ്കൂൾ അടച്ചു. സർക്കാരിന്റെ പട്ടികയിൽ ഔദ്യോഗികമായി പൂട്ടിയ സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്കൂൾ മാനേജർക്ക് വിദ്യാഭ്യാസവകുപ്പ് കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് എ.ഇ.ഒ. പറഞ്ഞു.
സ്കൂൾ ആരംഭിക്കാനും വിദ്യാർഥികളെ സ്കൂളിലെത്തിക്കാനും സ്‌കൂൾ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നെങ്കിലും ആരംഭത്തിലെ ആവേശം അവസാനിച്ചപ്പോൾ സമിതിയും പ്രവർത്തിക്കാതായി. ഇതോടെ സ്കൂളിനെ വിദ്യാഭ്യാസവകുപ്പും നാട്ടുകാരും മാനേജരും കൈയൊഴിഞ്ഞു. ഇത്തവണ സ്‌കൂളിൽ പ്രവേശനം നടത്തിയാലും കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാൽ പ്രവർത്തിക്കാനാവില്ലെന്ന് എ.ഇ.ഒ ടി.ആർ. ബിന്ദു പറഞ്ഞു. മുൻകാലങ്ങളിൽ കുട്ടികളുടെ ബാഹുല്യം കാരണം പ്രത്യേക മുറികളിൽ പഠനസംവിധാനമൊരുക്കിയിരുന്ന ചരിത്രമുള്ള സ്കൂളാണ് ഓർമകളിലേക്ക് വഴിമാറുന്നത്. ഭൗതികസൗകര്യങ്ങളില്ലാത്ത അൺ എയ്ഡഡ് സ്‌കൂളുകളിൽ നൂറുകണക്കിന് കുട്ടികളെത്തുമ്പോഴാണ് ഒരു പൊതുവിദ്യാലയം പൂട്ട് കാത്തിരിക്കുന്നത്.
ഒരു കുട്ടിയെങ്കിലും ചേരാനെത്തുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിക്കുകയാണ് അധ്യാപകരില്ലാത്ത ക്ലാസ് മുറികളുമായി എസ്.ആർ.വി.എൽ.പി. പൊതുവിദ്യാലയങ്ങൾ പൂട്ടരുതെന്ന സർക്കാർ നിലപാടിന്റെ ഭാഗമായി സ്കൂളിനെ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്ന് എ.ഇ.ഒ. അറിയിച്ചു. എന്നാൽ, സ്കൂൾ മാനേജരുടെ മറുപടി ലഭിക്കാത്തതിനാൽ സ്കൂൾ പൂട്ടുന്നതിന്റെ പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യതയെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..