• മേഴ്സി കോളേജിലെ പുതിയ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമലും വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഗിസല ജോർജും
പാലക്കാട് : ക്ലാസ്‌മുറിയിലും കളിക്കളത്തിലും കുട്ടികളെ ചിട്ടയൊപ്പിച്ച പ്രയത്നത്തിലൂടെ മുന്നേറാൻ പഠിപ്പിച്ച പാലക്കാട് മേഴ്സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഗിസല ജോർജ് വിരമിച്ചു. പ്രിൻസിപ്പൽ പദവിയിലെത്തിയ ആദ്യത്തെ സന്ന്യാസിനി കായികാധ്യാപികയെന്ന ഖ്യാതിയോടെയാണ് സിസ്റ്റർ വിരമിക്കുന്നത്.
2020 ജൂൺ ഒന്നിനാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്. അതിനുമുമ്പ് മേഴ്സി കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവിയായിരുന്നു. 12 തവണയിലേറെ കാലിക്കറ്റ് സർവകലാശാലാ ഖൊ-ഖൊ ടീം മാനേജരുമായിരുന്നു. 1996 മുതൽ മേഴ്സി കോളേജ് കായികാധ്യാപികയായിരുന്നു. 2020-ൽ സന്ന്യസ്തജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ചിരുന്നു.
സ്കൂൾ വിദ്യാഭ്യാസസമയത്ത് ഹൈജമ്പ്, ലോങ്ങ്ജമ്പ്, ഡിസ്കസ് ത്രോ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിരുന്നു. കേരള സർവകലാശാലാതലത്തിൽ ഡിസ്കസ്‌ത്രോയ്ക്ക് സമ്മാനങ്ങളും നേടി. അളഗപ്പ സർവകലാശാലയിൽ എം.പി.എഡ്. വിദ്യാർഥിനിയായിരിക്കെ ഹൈജമ്പ്, ഹഡിൽസ് എന്നിവയിലും സർവകലാശാല ബാസ്കറ്റ്‌ബോൾടീമിലും അംഗമായിരുന്നു.
കോയമ്പത്തൂർ ശരവണംപട്ടിയിലെ വിമൽജ്യോതി സ്കൂളിൽ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കോളേജ് വിദ്യാർഥിനികളുടെ വ്യക്തിത്വത്തിൽ യോഗയുടെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു ഡോക്ടറേറ്റ്. ഭാരതിയാർ സർവകലാശാലയിൽനിന്ന് എം.എസ്.ഡബ്ല്യൂ. ബിരുദവും നേടി. ആലപ്പുഴ ചേർത്തല പട്ടണക്കാട് കാവിൽ പരേതരായ കെ.കെ. വർഗീസിന്റെയും (ജോർജ്) കൊച്ചുത്രേസ്യയുടെയും ഇളയമകളാണ്.
അർച്ചന വി. ഗുപ്ത, മേരി അലക്സാണ്ടർ, കവിത ജോൺ, എം.ഡി. താര, എം.വി. രമേശ്വരി, ജിഷി ജോസഫ് തുടങ്ങിയ മികച്ചതാരങ്ങളുടെ പ്രിയപ്പെട്ട പരിശീലകയായിരുന്നു സിസ്റ്റർ ഗിസല്ല ജോർജ്. പ്രിൻസിപ്പലായിരുന്ന സമയത്തും കാലിക്കറ്റ് സർവകലാശാലയിലെ മികച്ച സ്പോർട്‌സ് കോളേജ് എന്ന നേട്ടം കൈവരിച്ചിരുന്നു. ഔദ്യോഗികമായി പ്രിൻസിപ്പൽ ചുമതല ഒഴിഞ്ഞാലും കളിക്കളങ്ങളോടും സാമൂഹിക സേവനത്തോടും കൂട്ടുകൂടി സേവനരംഗത്തുണ്ടാവുമെന്ന് സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ ഡോ. നിർമൽ പുതിയ പ്രിൻസിപ്പൽ
മേഴ്സി കോളേജിലെ ഗണിതശാസ്ത്രവിഭാഗം മേധാവി സിസ്റ്റർ ഡോ. നിർമൽ ആണ് കോളേജിന്റെ ഡയമണ്ട് വർഷത്തിലെ പുതിയ പ്രിൻസിപ്പൽ. തൃശ്ശൂർ വൈലത്തൂരിലെ അധ്യാപകദമ്പതിമാരായ ടി.വി. ഫ്രാൻസിസിന്റെയും എം.പി. ലില്ലിയുടെയും മകളാണ്.
ഗുരുവായൂർ ലിറ്റിൽഫ്ലവർ കോളേജിൽനിന്ന് ബിരുദവും ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1995 മുതൽ മേഴ്സി കോളേജിൽ അധ്യാപികയാണ്. ‘മേഴ്സി ഹെൽപ്പിങ് ഹാൻഡ്സ്’ എന്ന സംഘടനയിലൂടെ അർഹരായ നിരവധിപേർക്ക് സഹായമെത്തിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..