വടക്കഞ്ചേരി : പ്രധാനിയിൽ പ്രവർത്തിക്കുന്ന തടിമില്ലിനെതിരേ പരാതി നൽകിയിട്ടും ലൈസൻസ് പുതുക്കിനൽകിയതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യു.ഡി.എഫ്. അംഗങ്ങളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്നാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
പാടത്തേക്കുള്ള ചാൽ നികത്തിയാണ് മിൽ പ്രവർത്തിക്കുന്നതെന്നും തടികൾ റോഡിലാണ് ഇടുന്നതെന്നും മില്ലിൽനിന്ന് പൊടിശല്യമുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പരിശോധിച്ച ശേഷമേ ലൈസൻസ് പുതുക്കുകയുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചെങ്കിലും പാലിച്ചില്ലെന്ന് സമരക്കാർ ആരോപിച്ചു. സ്ഥലം പരിശോധിച്ചെന്നും നിയമപ്രകാരമാണ് ലൈസൻസ് പുതുക്കിനൽകിയതെന്നും സെക്രട്ടറി കെ. രാധിക പറഞ്ഞു.
ഇതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് ലൈസൻസ് നൽകിയത് പുനഃപരിശോധിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. യു.ഡി.എഫ്. അംഗങ്ങളായ കെ. മോഹൻദാസ്, വി. ശ്രീനാഥ്, അമ്പിളി മോഹൻദാസ്, ദേവദാസ്, സി. മുത്തു, കോൺഗ്രസ് നേതാക്കളായ റെജി കെ. മാത്യു, ബാബു മാധവൻ, വി.എച്ച്. ബഷീർ, ചുമട്ടുതൊഴിലാളികളായ അനൂപ്, രതീഷ്, പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..