പട്ടാമ്പി റെയിൽവേ സ്റ്റേഷൻ: അടിപ്പാതയും നടപ്പാലവുമായില്ല


1 min read
Read later
Print
Share

സ്ഥലപരിശോധന നടത്തിയിട്ടും പരിഹാരമായില്ല

Caption

പട്ടാമ്പി : പട്ടാമ്പിയിൽ പട്ടണത്തെ കീറിമുറിച്ചാണ് റെയിൽവേ ലൈനുള്ളത്. ഒരുഭാഗത്തുനിന്നു മറുഭാഗത്തെത്തുവാൻ യാത്രക്കാർക്ക് ചുറ്റിത്തിരിയണം. ഇതിന് പരിഹാരമെന്നോണം വർഷങ്ങൾക്കുമുമ്പ് പട്ടാമ്പിയിൽ അടിപ്പാതയോ നടപ്പാലമോ വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇതിനായി പദ്ധതിയുടെ പ്രാരംഭനടപടികളടക്കം നടന്നെങ്കിലും നടപ്പായില്ല. പട്ടാമ്പി പഴയ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഭാഗത്തുനിന്ന്‌ ആരംഭിച്ച് മറുഭാഗത്തെ താലൂക്ക്‌ ആശുപത്രി നിൽക്കുന്നിടത്തേക്ക് നടപ്പാലമോ അടിപ്പാതയോ നിർമിക്കണമെന്നതാണ് ആവശ്യം.

ഇതിനനുയോജ്യമായ സ്ഥലങ്ങൾ റെയിൽവേ അധികൃതരും ജനപ്രതിനിധികളും സന്ദർശിച്ചിരുന്നു. നടപടികൾക്ക് തുടക്കമിട്ടെങ്കിലും ഫണ്ടടക്കമുള്ള കാര്യങ്ങളിൽ പ്രതിസന്ധി വന്നതോടെ പദ്ധതി പിന്നീട് ഉപേക്ഷിച്ചു.

പ്രധാന ഓഫീസുകളിലെത്താൻ ചുറ്റണം

പട്ടാമ്പിയിലെ പ്രധാന ഓഫീസുകളെല്ലാം റെയിൽവേ ലൈനിനപ്പുറത്താണ്. പട്ടാമ്പി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആശുപത്രി, വില്ലേജ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലെത്താൻ ആവശ്യക്കാർക്ക് ചുറ്റിത്തിരിയണം.

ബസ് സ്റ്റാൻഡിലിറങ്ങിയാൽ മുമ്പ് സ്റ്റേഷനിലുള്ളിലൂടെ പോകാമായിരുന്നെങ്കിലും നിലവിൽ വഴികളെല്ലാം അടച്ചുപൂട്ടി.

കോവിഡ് കാലത്താണ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗതവഴികളെല്ലാം റെയിൽവേ അടച്ചത്.

കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ പരിസരത്തുനിന്നു ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുവാൻ യാത്രക്കാർ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന വഴിയാണ് അടച്ചത്. ഇതോടെ യാത്രക്കാർ ചുറ്റിവളഞ്ഞുവേണം, മറുഭാഗത്തെത്തുവാൻ.

സ്റ്റേഷന് പുറത്തേക്ക് വേണം, നടപ്പാലം

പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ നടപ്പാലം രണ്ട് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ളതാണ്. ഇത് സ്റ്റേഷന് ഇരുവശത്തേക്കും നീട്ടണമെന്ന ആവശ്യവും മുമ്പുയർന്നിരുന്നു. പദ്ധതി യാഥാർഥ്യമായാൽ പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്‌ താലൂക്ക് ആശുപത്രി പരിസരത്തേക്ക് എളുപ്പത്തിൽ എത്താനാവും. സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാർക്കും എളുപ്പത്തിൽ പുറത്തുകടക്കാം. നിലവിൽ നടപ്പാലം സ്റ്റേഷന്റെ ഒരറ്റത്തായാണ്. ഒന്നാം പ്ലാറ്റ് ഫോമിലെ എൻജിൻ ഭാഗത്തെ കോച്ചുകളിൽനിന്ന്‌ ഇറങ്ങുന്നവർക്ക് വലിയ ബാഗുകളും മറ്റുമായി ഏറെ ദൂരം നടന്നാൽ മാത്രമേ കവാടത്തിൽ എത്താനാവുകയുള്ളൂ. പുതിയ നടപ്പാലം വന്നാൽ ഇതിനൊക്കെ പരിഹാരം കാണാനാവും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..