• പട്ടിത്തറ പട്ടിക്കായൽ പൊട്ടക്കുളം മിനി ജലസേചനപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനംചെയ്യുന്നു
പട്ടാമ്പി : പട്ടിത്തറ പഞ്ചായത്തിലെ പട്ടിക്കായൽ പാടശേഖരത്തിലെ 35 ഏക്കർ കൃഷിയോഗ്യമാവുന്നു. ഇതിനായി പാടശേഖരത്തിലെ പൊട്ടക്കുളത്ത് പുതിയ ജലസേചനപദ്ധതിക്ക് തുടക്കമായി.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ.) പദ്ധതിയായ നിക്ര (നാഷണൽ ഇന്നൊവേഷൻസ് ഓൺ ക്ലൈമറ്റ് റസിഡന്റ് അഗ്രികൾച്ചർ)യുടെ ഭാഗമായാണ് മിനി ജലസേചനപദ്ധതി സ്ഥാപിച്ചത്. പട്ടിത്തറ പഞ്ചായത്തിന്റെ ഫണ്ടും പദ്ധതിക്കായി വിനിയോഗിച്ചു.
കഴിഞ്ഞ 30 വർഷമായി ജലസേചന മാർഗങ്ങൾ ഇല്ലാത്തതിനാൽ 35 ഏക്കർ നിലം തരിശായി കിടക്കുകയായിരുന്നു. ഇനിയിവിടെ കൃഷിയിറക്കാമെന്നതാണ് പ്രധാന നേട്ടം. കൂടാതെ പട്ടിക്കായലിനോട് ചേർന്നുള്ള താഴ്ന്ന നിലങ്ങളിൽ വെള്ളം കുറയുന്നതിനനുസരിച്ച് സമയബന്ധിതമായി കൃഷിയിറക്കാനും വിളവെടുക്കാനും സാധിക്കും. പ്രദേശത്തെ നെൽക്കർഷകർ ഏറെനാളായി ആവശ്യപ്പെടുന്നതാണിത്.
പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.പി. രാധ അധ്യക്ഷയായി. കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. കെ.വി. സുമിയ, അസി. പ്രൊഫസർ കെ.വി. അരുൺകുമാർ, പട്ടിത്തറ കൃഷി ഓഫീസർ സി. അശ്വതി, പി.വി. ഷാജഹാൻ, പ്രജിഷ വിനോദ്, റസിയ, സരിത, കാർത്ത്യായനി, സൈതലവി, വിനോദ് എന്നിവർ സംസാരിച്ചു. 'മഴവെള്ള സംരക്ഷണ സംഭരണ മാർഗങ്ങൾ' എന്ന വിഷയത്തിൽ കർഷക സെമിനാറും സംഘടിപ്പിച്ചു. കൃഷിവിജ്ഞാനകേന്ദ്രം അസി. പ്രൊഫ. ഡോ. ജിൽഷ ഭായ് ക്ലാസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..