കെ. വിദ്യ, വ്യാജരേഖ | Photo: Facebook/ വിദ്യ വിജയൻ, Screen grab/ Mathrubhumi News
അഗളി: എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അഗളി പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ചയാണ് അട്ടപ്പാടി ഗവ. ആർ.ജി.എം. കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അഗളി സി.ഐ. കെ. സലീം കോളേജിലെത്തി പ്രാഥമികാന്വേഷണം നടത്തി. ഈ മാസം രണ്ടിന് മലയാളം ഗസ്റ്റ് അധ്യാപക നിയമനാഭിമുഖത്തിന് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നും അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പ്രിൻസിപ്പൽ അഗളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പ്രിൻസിപ്പൽ അവധിയിലായതിനാൽ ചുമതലയുള്ള കെ.ആർ. മലർചിത്ര, മലയാളം വകുപ്പുമേധാവി പ്രീതമോൾ, ഹെഡ് അക്കൗണ്ടന്റ് മധുസൂദനൻ എന്നിവരുമായി സി.ഐ. ചർച്ച നടത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ കോളേജിൽനിന്നു നഷ്ടപ്പെടരുതെന്നു സി.ഐ. നിർദേശം നൽകി.
ചൊവ്വാഴ്ച മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വിദ്യയ്ക്കെതിരേ പരാതി നൽകിയിരുന്നു. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അധ്യാപികയായിരുന്നെന്ന സർട്ടിഫിക്കറ്റാണ് വിദ്യ അട്ടപ്പാടി ആർ.ജി.എം. കോളേജിൽ സമർപ്പിച്ചത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിഞ്ഞത്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ കേസ്, അന്വേഷണത്തിനായി അഗളി പോലീസിനു കൈമാറി. അഗളി പോലീസിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭിമുഖ പാനലിലുണ്ടായിരുന്നവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തും.
Content Highlights: palakkad agali police starts investigation on k vidhya forged documents


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..