അട്ടപ്പാടി മധു വധക്കേസ്: 18-ാം സാക്ഷി കാളിമൂപ്പനും കൂറുമാറി ; മധുവിനെ കണ്ടില്ലെന്ന് മൊഴി


വണ്ടിക്കടവ് പൊട്ടിക്കലിൽ ഭക്ഷണംകഴിക്കുന്ന ഷെഡ്‌ഡിൽവെച്ച് മധുവിനെ ആൾക്കൂട്ടം ഉപദ്രവിച്ച് കൊണ്ടുവരുന്നതും 15-ാം സാക്ഷി മെഹറുന്നീസ അവശനായ മധുവിന് വെള്ളം കൊടുക്കുന്നതും കണ്ടെന്ന് പോലീസിന്‌ മൊഴികൊടുത്തയാളാണ് കാളിമൂപ്പൻ.

മധുവിന്റെ അമ്മ

മണ്ണാർക്കാട് : അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. വെള്ളിയാഴ്ച പട്ടികജാതി-വർഗ പ്രത്യേക കോടതിയിലെ വിസ്താരത്തിനിടെ 18-ാം സാക്ഷി കാളിമൂപ്പനാണ് കൂറുമാറിയത്. ഇതോടെ, കേസിൽ കൂറുമാറിയവരുടെ എണ്ണം എട്ടായി.

വനംവകുപ്പിൽ താത്‌കാലിക വാച്ചറായ ഇയാളെ പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ കൂറുമാറിയ റസാഖ്, അനിൽകുമാർ തുടങ്ങിയവരെയും വാച്ചർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇവർക്കുപുറമേ നേരത്തേ ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ, ആനന്ദൻ, മെഹറുന്നീസ, ജോളി എന്നിവരും കൂറുമാറിയിരുന്നു.

വണ്ടിക്കടവ് പൊട്ടിക്കലിൽ ഭക്ഷണംകഴിക്കുന്ന ഷെഡ്‌ഡിൽവെച്ച് മധുവിനെ ആൾക്കൂട്ടം ഉപദ്രവിച്ച് കൊണ്ടുവരുന്നതും 15-ാം സാക്ഷി മെഹറുന്നീസ അവശനായ മധുവിന് വെള്ളം കൊടുക്കുന്നതും കണ്ടെന്ന് പോലീസിന്‌ മൊഴികൊടുത്തയാളാണ് കാളിമൂപ്പൻ. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന് കോടതിയിൽ മൊഴിമാറ്റി.

സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചശേഷം പ്രോസിക്യൂട്ടർ നടത്തിയ വിസ്താരത്തിൽ, ജോലിചെയ്യുന്ന സമയത്ത് ആൾക്കൂട്ടം കാട്ടിലേക്കുപോകുന്നതും ഷെഡ്‌ഡിൽ ഇരിക്കുമ്പോൾ തിരിച്ചുവരുന്നതും കണ്ടുവെന്ന് സാക്ഷി പറഞ്ഞു.

കൂറുമാറിയ 17-ാം സാക്ഷി ജോളിയെ വിസ്തരിച്ചപ്പോൾ, ഒമ്പതാംപ്രതി നജീബിന്റെ വീടിനടുത്താണ് താൻ കടനടത്തുന്നതെന്നും എന്നാൽ, നജീബിനെ അറിയില്ലെന്നും പറഞ്ഞു. മുക്കാലിയിൽ ജോളിയുടെകടയുടെ മുൻവശത്തുവെച്ച് ആൾക്കൂട്ടം കൂടുന്നതും മധുവുമായി തിരിച്ചുവരുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ കാണിച്ചുകൊടുത്തു.

കൂറുമാറിയ സാക്ഷികളിൽനിന്നുപോലും പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു. അഗളി റേഞ്ച് ഓഫീസർക്ക്, കാട്ടിൽനിന്ന് ആൾക്കൂട്ടം മധുവിനെ ഉപദ്രവിച്ചുകൊണ്ടുവരുന്നത് കണ്ടുവെന്ന് കാളിമൂപ്പൻ റിപ്പോർട്ട് നൽകിയിരുന്നു. ഇത് മാറ്റിപ്പറഞ്ഞതിനാലാണ് താത്‌കാലിക വാച്ചർ പദവിയിൽനിന്ന് ഇയാളെ പിരിച്ചുവിട്ടതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 19-ാം സാക്ഷി കക്കിമൂപ്പനെ ശനിയാഴ്ച വിസ്തരിക്കും.

Content Highlights: palakkad attapapdi madhu murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..