അട്ടപ്പാടി മധു കൊലപാതക കേസ്; സമൂഹവും സംഘടനകളും ഒറ്റപ്പെടുത്തുന്നതായി കുടുംബം


മധുവിൻറെ അമ്മ മല്ലിയും സഹോദരി സരസുവും | Photo: Mathrubhumi (FILE)

അഗളി : കേസിന്റെ വിസ്താരം തുടങ്ങിയതോടെ സമൂഹവും സംഘടനകളും ഒറ്റപ്പെടുത്തുന്നതായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി. ആദ്യ ഘട്ടത്തിൽ എല്ലാവരും കൂടെയുണ്ടായിരുന്നു. ഇപ്പോൾ ആരുമില്ല. കേസിന്റെ നടത്തിപ്പിനായി ഞാനും മകൾ സരസുവും മാത്രമാണുള്ളത്. ആരുമില്ലാത്തവർക്ക് സർക്കാരായിരിക്കണം ആശ്രയം. അതാണ് പ്രതീക്ഷിക്കുന്നതെന്നും മല്ലി പറഞ്ഞു. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം.മേനോൻ ചുമതലയേൽക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. രാജേഷ് എം.മേനോന് കേസിന്റെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാവുന്നതുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതിന് സർക്കാരിനെ സമീപിച്ചതെന്നും സരസു കൂട്ടിച്ചേർത്തു.

മധു കേസിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ് രാജേഷ് എം.മേനോൻ. സിനിമാതാരം മമ്മൂട്ടി ഏർപ്പെടുത്തിയവർ മണ്ണാർക്കാട് പട്ടികജാതി/പട്ടികവർഗ കോടതിയിലെത്തി കണ്ടിരുന്നു. അതിനുശേഷം വന്നിട്ടില്ല. അഭിഭാഷകന്റെ സഹായം ചോദിച്ച് വിളിക്കാത്തതിനാലാകും അവർ സമീപിക്കാത്തതെന്നും സരസു പറഞ്ഞു.

മധു കൊല്ലപ്പെട്ടിട്ട് നാലുവർഷം കഴിഞ്ഞാണ് കേസിന്റെ സാക്ഷിവിസ്താരം തുടങ്ങിയത്. ഇതിനിടയിൽ മധുവിന്റെ ബന്ധുവടക്കം രണ്ടുസാക്ഷികൾ കൂറുമാറി. വിസ്തരിക്കാനുള്ള ഒരുസാക്ഷിയെ കുറ്റാരോപിതർ വാഹനത്തിൽക്കയറ്റി പാലക്കാട് കൊണ്ടുപോയെന്നും മധുവിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതുകാണിച്ച് അഗളിപോലീസിൽ പരാതി നൽകിയിട്ടുള്ളതായും സരസു പറഞ്ഞു.

Content Highlights: palakkad attappadi madhu murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..