പട്ടികവർഗ വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സന്ദർശനം : പരാതികളുടെ കെട്ടഴിച്ച് മുരുഗള ഊരുവാസികൾ


2 min read
Read later
Print
Share

അട്ടപ്പാടിയിലെ വിദൂരഗ്രാമമായ മുരുഗള ഊര് സന്ദർശിച്ച പട്ടികവർഗവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രകാശ്,ഊരിലുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു

പാലക്കാട് : ‘‘റോഡില്ല സാറേ... നല്ല വഴിയും ഇല്ല. പുഴ നിറഞ്ഞാൽ നടക്കാൻ പോലും പേടിയാണ്...’’ -അട്ടപ്പാടിയിലെ വിദൂരഗ്രാമമായ മുരുഗള ഊര് സന്ദർശിച്ച പട്ടികവർഗവികസനവകുപ്പ് ഡെപ്പൂട്ടി ഡയറക്ടർ കെ. കൃഷ്ണപ്രകാശിനുമുന്നിൽ ഊരുവാസികൾ പരാതികളുടെ കെട്ടഴിച്ചു.

മഴയത്ത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം കൈയിലേന്തി പിതാവിന് നടന്നുപോകേണ്ടിവന്ന സംഭവത്തിന് പിന്നാലെ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്റെ നിർദേശാനുസരണം ഊരിലുള്ളവരുടെ ദുരിതം നേരിട്ടറിയാൻ എത്തിയതായിരുന്നു അദ്ദേഹം. കളക്ടറും ഊര്‌ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. wവ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് സന്ദർശനം ആരംഭിച്ചത്. മുക്കാലിയിൽനിന്ന്‌ തടിക്കുണ്ട് വരെയുള്ള റോഡിലൂടെ വാഹനത്തിലെത്തിയ അദ്ദേഹം, കുത്തിയൊലിക്കുന്ന ചെറുനാലിപ്പുഴയ്ക്ക് കുറുകെയിട്ട രണ്ട് മരത്തടികളിലൂടെ കടന്ന്, ഒന്നരക്കിലോമീറ്ററോളം നടന്ന് ഊരിലെത്തി. തുടർന്ന് കഴിഞ്ഞദിവസം കുഞ്ഞ് മരിച്ച മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദമ്പതിമാരുടെ വീടും സമീപത്തെ വീടുകളും സന്ദർശിച്ചു. അവരുടെ ആരോഗ്യവിവരങ്ങളും ചോദിച്ചറിഞ്ഞു. ഗതാഗതപ്രശ്നത്തിന് പുറമേ വൈദ്യുതി, കുടിവെള്ളം തുടങ്ങിയവയില്ലെന്നും ഊരിലുള്ളവർ പരാതിപ്പെട്ടു. യാത്രാപ്രശ്നമുൾപ്പെടെ ഊരിലുള്ളവരുടെ ആവശ്യങ്ങൾ റിപ്പോർട്ടാക്കി സർക്കാരിന് നൽകുമെന്ന് കെ. കൃഷ്ണപ്രകാശ് പറഞ്ഞു.

ഐ.ടി.ഡി.പി. അസി. പ്രൊജക്ട് ഓഫീസർ കെ.എ. സാദിക്ക് അലി, പുതൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി.ബി. രാധാകൃഷ്ണൻ, അഗളി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സുധീപ്, വാത്സല്യസ്പർശം ഫീൽഡ് നേഴ്സ് രാധാമണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം

പാലക്കാട് : അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗളയിലേക്ക് നവജാതശിശുവിന്റെ മൃതദേഹം പിതാവ് ചുമന്നെത്തിക്കേണ്ടിവന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കളക്ടറും ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറും ഇതുസംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നടപടി. ഓഗസ്റ്റിൽ പാലക്കാട്ടുനടക്കുന്ന തെളിവെടുപ്പിൽ കേസ് പരിഗണിക്കും.

മുരുഗള ഊരിലെ അയ്യപ്പന്റെയും സരസ്വതിയുടെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആംബുലൻസിൽ തടിക്കുണ്ടിലെത്തിയത്. എന്നാൽ, പിന്നീട് വാഹനയാത്രാ സൗകര്യമില്ലാത്തതിനാൽ അയ്യപ്പൻ ഒരുകൈയിൽ കുഞ്ഞിനെയേന്തി കുത്തിയൊലിക്കുന്ന തോട്ടിലെ ഒറ്റത്തടിപ്പാലം വഴി മറുകര കടന്നും കനത്തമഴയിൽ വനത്തിലൂടെ നാലുകിലോമീറ്റർ നടന്നുമാണ് ഊരിലെത്തിയത്.

Content Highlights: palakkad attappadi murugala ooru

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..