നിർമാണം പുരോഗമിക്കുന്ന പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കെട്ടിടം
പാലക്കാട് : നിർമാണം തുടങ്ങിയിട്ട് ഏഴ് വർഷമായെങ്കിലും പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കെട്ടിടം ഇനിയും പൂർത്തിയായില്ല. 2022 മാർച്ച് 31-നകം നിർമാണം പൂർത്തീകരിക്കുമെന്നാണ് കരാറുകാർ അവസാനം അറിയിച്ചിരുന്നത്. എന്നാൽ ഇതും നടപ്പായില്ല. മേയ് 31 വരെ നിർമാണകാലാവധി നീട്ടിനൽകണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിരിക്കയാണ്. കെട്ടിടത്തിന്റെ ഘടന പൂർത്തിയായെങ്കിലും പണി ഇനിയും ബാക്കിയാണ്. ഇതിനിടെ കെട്ടിടനിർമാണം പൂർത്തിയാകുമെന്നറിയിച്ചിരുന്ന കാലാവധി പലതവണ മാറിമറിഞ്ഞു.
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാമുറികൾ, ഒ.പി. വാർഡ്, ബ്ലോക്ക് എന്നിവയുൾപ്പെടുന്ന ഹോസ്പിറ്റൽ ബ്ലോക്കിന്റെ പണികളാണ് പൂർത്തയാക്കാനുള്ളത്. എല്ലായിടത്തും സീലിങ്, ടൈൽസ് പതിക്കൽ, വയറിങ് തുടങ്ങിയ പണികൾ ബാക്കിയാണ്.
കരാർ നീട്ടിനൽകിയത് അഞ്ച് തവണ
ഗവ. മെഡിക്കൽ കോളേജിൽ 340 കോടിയുടെ ആശുപത്രിസമുച്ചയമാണ് ഒരുക്കുന്നത്. ആകെ 600 കോടിയുടെ പദ്ധതിയാണിത്. 2016 ഫെബ്രുവരി 28-നാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. മൂന്ന് ബ്ലോക്കുകളിലായാണ് ആശുപത്രിസമുച്ചയം നിർമിക്കുന്നത്. 2018 ഫെബ്രുവരി 28-നകം കെട്ടിടം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ ഫണ്ട് കിട്ടാത്തത് തടസ്സമായി.
നിർമാണം തുടങ്ങിയ സമയത്ത് രൂപരേഖയിലെ വ്യക്തതയില്ലായ്മയും പണി തടസ്സപ്പെടാൻ കാരണമായി. 2019 ജൂൺ 24-നകം കെട്ടിടനിർമാണം പൂർത്തീകരിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. പിന്നീട് 2020 ഡിസംബറിനകം പൂർത്തിയാക്കാമെന്നറിയിച്ചെങ്കിലും കോവിഡ് തടസ്സമായി. 2021 ഡിസംബറിലും തുടർന്ന് 2022 മാർച്ചിലും പൂർത്തിയാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫലം പഴയതുതന്നെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..