ഷാജഹാന്റെ കൊലപാതകം: എല്ലാ പ്രതികളും കസ്റ്റഡിയില്‍, പരസ്പരം പഴിചാരി സി.പി.എമ്മും ബി.ജെ.പിയും


2 min read
Read later
Print
Share

ഷാജഹാൻ

പാലക്കാട് : സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകത്തിനുപിന്നിൽ ആരെന്നതിൽ അവ്യക്തത നിലനിൽക്കേ, പരസ്പരം പഴിചാരി സി.പി.എമ്മും ബി.ജെ.പി-ആർ.എസ്.എസ്. നേതൃത്വവും.കൊലയ്ക്കുപിന്നിൽ ആർ.എസ്.എസ്. ആണെന്നാണ് സി.പി.എം. ജില്ലാനേതൃത്വത്തിന്റെ പ്രതികരണം. കൊല നടന്ന ദിവസം സാമൂഹികമാധ്യമങ്ങളിൽ, ഷാജഹാനെ ബി.ജെ.പി. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രചാരണം നടന്നത്.

ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന്‌ സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. പ്രഥമവിവരറിപ്പോർട്ടുപ്രകാരം, പ്രതി ചേർക്കപ്പെട്ടവരിൽ ഒരാൾ രാഖി ധരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആർ.എസ്.എസ്. സംഘടിപ്പിച്ച രക്ഷാബന്ധൻ പരിപാടിയിൽ പ്രതികൾ പങ്കെടുത്തിട്ടുണ്ടെന്നും ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു.

സി.പി.എം. ആരോപണങ്ങളെ പാടേ നിഷേധിച്ച് ബി.ജെ.പി. ജില്ലാനേതൃത്വവും രംഗത്തെത്തി. സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് ബി.ജെ.പി. നേതാക്കൾ പറയുന്നു. ജില്ലയിലെ ആർ.എസ്.എസ്. നേതൃത്വവും ഇതേ നിലപാടിലാണ്. ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.എം. പ്രവർത്തകർതന്നെയാണെന്നും പാർട്ടിയിലെ വിഭാഗീയതയാണ് ഇതിനുപിന്നിലെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ്, മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എം. സുരേഷ് എന്നിവർ പറഞ്ഞു.

പാർട്ടിയിലെ വിഭാഗീയത മറച്ചുവെയ്ക്കാൻ കൊലപാതകം ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും തലയിൽ കെട്ടിവെയ്ക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. പ്രതിപ്പട്ടികയിലുള്ളവരുടെ സാമൂഹികമാധ്യമപേജുകൾ പരിശോധിച്ചാൽ, മുഴുവൻ സി.പി.എം. അനുകൂല പോസ്റ്റുകളാണെന്നും ബി.ജെ.പി. നേതാക്കൾ പറഞ്ഞു. പ്രതികൾക്ക് ബി.ജെ.പി. ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാൻ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിക്കുന്നതായും നേതാക്കൾ പറഞ്ഞു.

എട്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കല്‍കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലന്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീന്‍ (28), സിദ്ധാര്‍ഥന്‍ (24) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. മലമ്പുഴ കവഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ ആറുപേരെക്കൂടി ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. പ്രഥമവിവരറിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍.) മൂന്നാമതായാണ് നവീന്റെ പേര്. സിദ്ധാര്‍ഥന്‍ അഞ്ചാമനാണ്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്.

കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്യുകയാണ്. വിവരങ്ങള്‍ പൂര്‍ണമായി ശേഖരിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലോടെ കൊട്ടേക്കാട് കുന്നങ്കാട്ട്, വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചാണ് ഷാജഹാന് വെട്ടേറ്റത്. കൈയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. കാലിനേറ്റ ആഴമുള്ള മുറിവില്‍നിന്ന് രക്തം ധാരാളമായി വാര്‍ന്നുപോയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ബി.ജെ.പി. അനുഭാവികളായ എട്ടുപേര്‍ സംഘംചേര്‍ന്ന് രാഷ്ട്രീയവിരോധത്താല്‍ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നത്. എട്ടാളുകളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പ്രതിപ്പട്ടികയിലുള്ളവര്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന ആരോപണം പാര്‍ട്ടിനേതൃത്വം നിഷേധിച്ചിട്ടുണ്ട്. പ്രതികള്‍ ബി.ജെ.പി. അനുഭാവികള്‍തന്നെയാണോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണത്തില്‍ എല്ലാ തെളിവും ശേഖരിച്ച് പരിശോധിച്ചുറപ്പിച്ചശേഷമേ പറയാനാവൂയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്‌പെക്ടര്‍മാരും ഇരുപതോളം പോലീസുകാരുമടങ്ങുന്ന സംഘത്തിനാണ് അന്വേഷണച്ചുമതല.

Content Highlights: Shajahan murder: CPM and BJP blame each other

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..