ഡി.വൈ.എഫ്.ഐ. നേതാവിന്റെ വീടിനോടുചേർന്ന് സൂക്ഷിച്ച 2,815 കിലോ തമിഴ്നാട് റേഷനരി പിടികൂടി


അരിക്കടത്ത് വാളയാർ മുൻ മേഖലാപ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരിശോധനാസംഘം

വാളയാറിൽ ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാവിന്റെ വീടിനോടുചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരിക്കുന്ന തമിഴ്നാട് റേഷനരി

പാലക്കാട് : ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാവിന്റെ വീടിനോടുചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന 2,815 കിലോ തമിഴ്നാട് റേഷനരി പിടികൂടി. സിവിൽ സപ്ലൈസ് വകുപ്പും പോലീസും ചേർന്ന്‌ നടത്തിയ പരിശോധനയിലാണ് 56 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരി കണ്ടെടുത്തത്.

വാളയാർ ഡാം സ്വദേശിയും ഡി.വൈ.എഫ്.ഐ. വാളയാർ മുൻ മേഖലാപ്രസിഡന്റുമായ എ. ഷെമീറും (33) പിതാവും ചേർന്നാണ് അരി സൂക്ഷിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വാളയാർ എസ്.ഐ. ആർ. രാജേഷ്, താലൂക്ക് സപ്ലൈ ഓഫീസർ ജെ.എസ്. ഗോകുൽദാസ് എന്നിവർ പറഞ്ഞു. ഇവർക്കെതിരേ തുടർനടപടിക്കായി പരിശോധനാറിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്നും അവശ്യസാധനനിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെടുമെന്നും അധികൃതർ പറഞ്ഞു.

ഊടുവഴികളിലൂടെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന തമിഴ്നാട് റേഷനരി ഗോഡൗണിൽ സൂക്ഷിച്ച് പിന്നീട് പേരുമാറ്റി വില്പന നടത്തുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. വാളയാർ ഡാം റോഡിലുള്ള നാലുസെന്റ് കോളനിയിലെ വീടിനോട്‌ ചേർന്നാണ് സൂക്ഷിപ്പ്. രഹസ്യവിവരത്തെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. കഞ്ചിക്കോട്ടെ മില്ലിലെത്തിച്ച് പോളിഷ് ചെയ്യുന്ന അരി, വിവിധ പേരുകളിൽ പാക്കറ്റിലാക്കിയാണ് വിപണിയിൽ നൽകുന്നത്. പത്തുവർഷത്തോളമായി ഇവർ ഇത്തരത്തിൽ അരി കടത്തുന്നുണ്ടെന്നാണ് വിവരമെന്നും അധികൃതർ പറഞ്ഞു.

സീനിയർ സി.പി.ഒ.മാരായ എം. ശ്രീജിത്ത്, പി.സി. ഷൈനി, താലൂക്ക് സപ്ലൈ ഓഫീസർ ജെ.എസ്. ഗോകുൽദാസ്, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. രഞ്ജിത്ത്, ആർ. ബിലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: Smuggled ration rice seized from DYFI leader's home

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..