അട്ടപ്പാടിയുടെ ദുരിതം അവസാനിക്കുന്നില്ല; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് മൂന്ന് കിലോമീറ്റര്‍ ചുമന്ന്‌


1 min read
Read later
Print
Share

ഗർഭിണിയായ സുമതിയെ കടുകുമണ്ണ ഊരിൽനിന്ന് മഞ്ചലിൽ ചുമന്ന് ആനവായ്‌ ഊരിലെ ആംബുലൻസിലേക്ക് എത്തിച്ചപ്പോൾ

അഗളി: രാത്രി ആശുപത്രിയിലെത്തണമെങ്കിൽ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ള സ്ത്രീകൾക്ക് ഇപ്പോഴും തുണിമഞ്ചൽ തന്നെ ശരണം. ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി പാഞ്ഞത് മൂന്ന് കിലോമീറ്റർ.

കടുകുമണ്ണ ഊരിലെ സുമതിക്ക്‌ (25) ശനിയാഴ്ച രാത്രി 12.45-ഓടെയാണ് പ്രസവവേദന തുടങ്ങിയത്. ഊരിലേക്ക് റോഡില്ലാത്തതിനാൽ വാഹനമെത്തുന്ന ആനവായിലെത്താൻ മൂന്ന് കിലോമീറ്റർ നടക്കണം.

ഊരുകാർ ആനവായ്‌ ജെ.പി.എച്ച്.എൻ. പ്രിയ ജോയിയെ വിവരമറിയിച്ചെങ്കിലും അഗളി ഐ.ടി.ഡി.പി.യിലെ സഹായകേന്ദ്രത്തിൽനിന്ന് വാഹനം ലഭിച്ചില്ല. പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്ന് 108 ആംബുലൻസ് ആനവായിലെത്തി. തുണിമഞ്ചലിൽ ചുമന്ന് ഞായറാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ആനവായിലെത്തിച്ച സുമതിയെ ആറരയോടെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം സുമതി ആൺകുഞ്ഞിന് ജന്മം നൽകി.

സുമതിയുടെ പ്രസവത്തീയതി കണക്കാക്കിയിരുന്നത് ജനുവരിയിലാണ്. ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് നവംബർ 29-ന് സുമതിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് വിടുതൽ വാങ്ങി ഊരിൽ തിരിച്ചെത്തിയിരുന്നു. അട്ടപ്പാടിയിൽ സൈലന്റ് വാലി വനമേഖലയോട് ചേർന്നുകിടക്കുന്ന ഏഴ് ഊരുകളിലാണ് ഗതാഗതസൗകര്യവും വൈദ്യുതിയുമില്ലാത്തത്.

ചുമന്നത് 300 മീറ്റർ മാത്രമെന്ന് മന്ത്രി

അട്ടപ്പാടി കടുകുമണ്ണ ഊരിലെ ആദിവാസിയുവതി സുമതിയെ ഭവാനിപ്പുഴ കടന്ന് 300 മീറ്ററേ ഊരുകാർക്ക് ചുമക്കേണ്ടിവന്നുള്ളൂവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ശനിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടപ്പോൾ വിവരമറിഞ്ഞ് നേഴ്സും പട്ടികവർഗ പ്രമോട്ടറും സ്ഥലത്തെത്തിയിരുന്നുവെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: Travel difficulties in Attapadi continue

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..