Caption
പത്തനംതിട്ട : ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയിൽ ജില്ലയിൽ 15.41-ലക്ഷത്തിന്റെ കൃഷിനശിച്ചു. 58.83-ഹെക്ടറിലായി 140-കർഷകരുടെ കൃഷിയാണ് മഴക്കെടുതിയിൽ നശിച്ചത്. പന്തളം, പത്തനംതിട്ട ബ്ലോക്കുകളിലാണ് നാശമേറെയും. ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി ഡയറക്ടർമാർ, ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന സംഘം ജില്ലയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചാണ് നാശനഷ്ടങ്ങൾ വിലയിരുത്തിയത്.
പന്തളം, പത്തനംതിട്ട, അടൂർ, മല്ലപ്പള്ളി, പുല്ലാട്, റാന്നി തുടങ്ങിയ ബ്ലോക്കുകളിലെല്ലാം കൃഷിനാശമുണ്ടായി. വാഴയാണ് അധികം നശിച്ചത്. വെറ്റില, കുരുമുളക്, റബ്ബർ, തെങ്ങ്, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവയും വെള്ളംകയറി നശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിനായി ഓൺലൈനായി അപേക്ഷിക്കണം
മഴക്കെടുതിയിൽ കൃഷിനശിച്ച കർഷകർ നഷ്ടപരിഹാരത്തിനായി എ.ഐ.എം.എസ്. പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയ്ക്കൊപ്പം ആധാർ കാർഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികൾ കൂടി വെക്കണം. വിള ഇൻഷുറൻസ് ചെയ്തിട്ടുള്ള കർഷകർ കൃഷിനാശം സംഭവിച്ച് 15-ദിവസത്തിനുള്ളിലും ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത കർഷകർ വിളനാശമുണ്ടായി പത്ത് ദിവസത്തിനുള്ളിലുമാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ടത്.
ഇൻഷുറൻസ് ചെയ്തിട്ടുള്ള കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തുകയും ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള തുകയും ലഭിക്കും. ഇൻഷുറൻസ് ചെയ്യാത്ത കർഷകർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള നഷ്ടപരിഹാരത്തുക മാത്രമാണ് ലഭിക്കുക.
Content Highlights: heavy rain causes severe agricultural destruction in pathanamthitta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..