ബെംഗളൂരിൽ പോലീസിനെ സഹായിച്ച മലയാളികൾ, കെ.എസ്. ഗോപകുമാർ
അടൂർ: വിദേശ കോഡിലുള്ള ഫോൺ നമ്പർ, വിദേശികളെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്നവർ. പിന്നെയൊരു എസ്.എം.എസ്. ഇതിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ എത്തിയത് അടൂർ സ്വദേശിയിൽനിന്ന് 22 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ ആറുപേരെ അറസ്റ്റു ചെയ്തതോടെയാണ്. ഒപ്പം പോലീസ് െബംഗളൂരുവിൽനിന്ന് ഇവരെ പിടികൂടിയപ്പോൾ അന്നത്തെ അടൂർ എസ്.ഐ.യും നിലവിൽ മൂഴിയാർ സി.ഐ.യുമായ കെ.എസ്. ഗോപകുമാറിന്റെ സർവീസ് ലിസ്റ്റിലും കേരള പോലീസിന്റെ ചരിത്രത്തിലും ഇന്നും മികച്ച നേട്ടമായി ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.
ഒന്നര ആഴ്ച വേഷം മാറിയും ഊണും ഉറക്കവുമില്ലാതെ അതിസാഹസികമായിട്ടാണ് കെ.എസ്. ഗോപകുമാറും സംഘവും പ്രതികളെ പിടികൂടിയത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
സംഭവം ഇങ്ങനെ
സെപ്റ്റംബറിൽ ഏഴംകുളം സ്വദേശിയായ 60 വയസ്സുള്ള ഒരാൾ അടൂർ സ്റ്റേഷനിലെത്തി എസ്.ഐ. ഗോപകുമാറിനെ ഒരു പരാതിയുമായി ബന്ധപ്പെട്ട് കാണുന്നു. ഐ.ടി. മേഖലയിൽ ഖത്തറിൽ ജോലിയുള്ള തന്റെ മകന്റെ കൈയിൽനിന്ന് ബ്രിട്ടനിൽ ജോലി ശരിയാക്കിതരാം എന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാതി. ആദ്യം 60,000 രൂപയിൽ തുടങ്ങി നാലുലക്ഷം രൂപ വരെയാണ് വിദേശികൾ പലപ്പോഴായി തട്ടിയെടുത്തത്. ഗോപകുമാറിന് ലഭിച്ച പരാതിയിൽ ആകെയുള്ളത് വിദേശ കോഡുള്ള ഒരു ഫോൺ നമ്പരും പണം കൈമാറിയ അക്കൗണ്ട് നമ്പരുകളുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ പരാതിയുടെ വിവരം അന്നത്തെ ഡിവൈ.എസ്.പിയും ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്.പി.യുമായ എ. നസിംമിനെ ധരിപ്പിച്ചു.
അക്കൗണ്ട് നമ്പർ നോക്കിയപ്പോൾ രാജ്യത്തെ വിവിധ ഭാഗങ്ങളിലാണ് ബാങ്കുകൾ എന്നു മനസ്സിലായി. സൈബർ സെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ലൊക്കേഷൻ െബംഗളൂരു ആണെന്ന് കണ്ടെത്തി. അന്നത്തെ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസിന്റെ അനുമതിയോടെ കെ.എസ്. ഗോപകുമാർ, പോലീസുകാരായ നാദിർഷ, പ്രദീപ്, സുധീഷ് എന്നിവർ െബംഗളൂരുവിലെ ഇന്ദിരാനഗറിലെത്തി. ആയിരത്തോളം ടവറുകളിൽ നിന്ന് അന്വേഷിക്കുന്ന ടവർ ലൊക്കേഷൻ കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഒരിടത്തുനിന്നും എങ്ങോട്ടും പോകുന്നുമില്ല. അങ്ങനെ വിദേശികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. 64 വിദേശികൾ ഇവിടെ താമസിക്കുന്നതായി വിവരം ലഭിച്ചു. അന്വേഷിക്കുന്ന ഫോൺ നമ്പരിൽ നിന്നും ഒരു നമ്പരിലേക്ക് 2014 ജൂലായ് ഏഴിന് ഒരു എസ്.എം.എസ്.പോയതായി സൈബർ സെൽ കണ്ടെത്തി. തുടർന്ന് ആ നമ്പർ കണ്ടെത്താൻ വേഷം മാറി ഗോപകുമാർ ഒരോ വീടുകളിലും പോയി. ഒടുവിൽ ഒരു ബാങ്ക് മാനേജരുടെ വീട്ടിൽ എത്തിയപ്പോൾ മൊബൈൽ ലൊക്കേഷൻ കൃത്യമായി ലഭിച്ചു. വീട്ടുകാരെ നടന്ന വിവരം ധരിപ്പിച്ചു. മൂന്നുനിലകളുള്ള വീടിന്റെ ഒന്നാംനിലയിലും രണ്ടാംനിലയിലുമായി ആറുപേർ താമസിക്കുന്നതായി വിവരം ലഭിച്ചു.
എന്നാൽ ഒരാൾ ബൈനോക്കുലർ െവച്ച് നിരീക്ഷിക്കുന്നതായി കണ്ടതിനെ തുടർന്ന് അവിടെ നിന്ന് പിൻവലിയേണ്ടി വന്നതായി ഗോപകുമാർ പറയുന്നു
സങ്കീർണമായിരുന്നു
ഗണേശോത്സവം നടക്കുന്ന ദിവസമായതിനാൽ വീട്ടിൽനിന്നും ഭക്ഷണം കഴിക്കാൻ വിദേശികളായ താമസക്കാരെ വിളിക്കാൻ ബാങ്ക് മാനേജറെ ഏർപ്പെടുത്തി. പക്ഷേ, രാത്രിയായിട്ടും ഇവർ എത്തിയില്ല. ഇതോടെ അടുത്തദിവസം തന്നെ അറസ്റ്റ് ചെയ്യണമെന്ന വാശിയായി. തുടർന്ന് ജില്ലാ പോലീസ് മേധാവിയോട് നാലുപോലീസുകാരുടെ സഹായം കൂടി തേടി ഗോപകുമാർ. ഇവർ എത്തിയതോടെ കുറച്ചുപേരെ സഹായത്തിനായി ലഭിക്കാൻ മലയാളിയായ ബിനു എന്നയാളുടെ സഹായം തേടി. അങ്ങനെ ഗോപകുമാർ കന്നഡക്കാരുടെ വേഷം ധരിച്ച് 40 പേരടങ്ങുന്ന മലയാളികളുമായി ഗണേശ ഉത്സവ ആഘോഷത്തിന്റെ പേരിൽ വിദേശികൾ താമസിക്കുന്ന വീട്ടിലെത്തി. ഇവർ വാതിൽതുറന്ന് സംസാരിച്ചു നിൽക്കവെ ആക്രമിച്ച് കീഴടക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ ലഭിച്ചു. പക്ഷേ, കബളിപ്പിച്ചെടുത്ത പണമൊന്നും ലഭിച്ചിരുന്നില്ല.
രാജ്യത്തെ ഒരോ സംസ്ഥാനത്തേയും ഗ്രാമങ്ങളിലെ സാധാരണപ്പെട്ട ആളുകളുടെ രേഖകൾ െവച്ചാണ് അക്കൗണ്ട് എടുത്തിരുന്നത്. ഇവർക്ക് ഇതിന് ചെറിയ തുക പാരിതോഷികവും നൽകി. ഇവരുടെ എ.ടി.എം.കാർഡാകട്ടെ ഈ വിദേശപൗരൻമാരുടെ കൈവശവും. അറസ്റ്റിലായ വിദേശ പൗരൻമാർക്ക് ഒരു യാത്രാരേഖകളുമില്ലായിരുന്നുവെന്ന് ഗോപകുമാർ പറയുന്നു. നിലവിൽ ഇവർ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ്. കെ.എസ്. ഗോപകുമാർ
Content Highlights: nigeria scam,phone calls, sms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..