• കാക്കത്തോട്ടത്തിൽ കാക്കകൾ ചേക്കേറുന്ന ഭാഗം
കുമ്പഴ : കാക്കകളുടെ കൂട്ടായ്മ ഒരു നാടിന്റെ പേര് കാക്കത്തോട്ടം എന്നാക്കി. പത്തനംതിട്ട നഗരസഭയിലെ 16-ാം വാർഡിൽ ആണ് കാക്കത്തോട്ടം. കുമ്പഴ-മലയാലപ്പുഴ റോഡിൽ കളീക്കൽപടി കഴിഞ്ഞുള്ള സ്ഥലമാണ് കാക്കത്തോട്ടം.
മലയാലപ്പുഴയിലേക്ക് പോകുന്ന ബസ് സർവീസുകളിൽ കാക്കത്തോട്ടം സ്റ്റോപ്പുമാണ്. വർഷങ്ങൾക്ക് മുമ്പ് കാക്കകൾ കൂടണയാൻ എത്തുന്ന സ്ഥലമായിരുന്നു. വിശാലമായ റബ്ബർതോട്ടം കാക്കകളുടെ വാസത്തിന് യോഗ്യമായിരുന്നു.
സന്ധ്യാസമയങ്ങളിൽ വിവിധ ദിക്കുകളിൽനിന്നുള്ള കാക്കകൾ കൂട്ടത്തോടെ ഇവിടേക്ക് എത്തും. റബ്ബർ മരങ്ങളിൽ കൂടുകെട്ടി പാർക്കുന്നതായിരുന്നു രീതി. ദൂരെദേശങ്ങളിൽനിന്ന് എത്തുന്നവയാണ് ഇവിടെ ഉള്ളതെന്നാണ് നാട്ടുകാരുടെ പക്ഷം.
പുലർച്ചെ നാലുമുതൽ ദൂരങ്ങൾ താണ്ടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങും. സമീപപ്രദേശത്തുള്ള വീടുകളിൽ അലാറം വെയ്ക്കാതെ ഉണരാൻ കഴിയുമെന്ന് കാക്കത്തോട്ടത്തിലെ കച്ചവടക്കാരനായ രാജൻ പറഞ്ഞു. 70 വയസ്സുള്ള രാജന് അതിനുമുൻപ് മുതലേ കാക്കകൾ ഇവിടെ എത്തുന്ന കഥകൾ അറിയാം.
കാക്കകളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറിയത് വർഷങ്ങൾക്ക് മുൻപാണെന്ന് കുമ്പഴ സർവീസ് സഹകരണബാങ്കിൽനിന്ന് വിരമിച്ച സ്വാമിനാഥൻ പറഞ്ഞു. സുരക്ഷിതമായി കഴിയാൻ പറ്റുന്ന സ്ഥലമായതുകൊണ്ടാണ് അവ ഇവിടെ എത്തുന്നത്. പണ്ട് ചേക്കേറിയിരുന്ന റബ്ബർ മരങ്ങൾ കഴിഞ്ഞിടെ മുറിച്ചുമാറ്റി. എന്നിട്ടും ഈ സ്ഥലം കാക്കകൾ ഉപേക്ഷിച്ചില്ല.
സമീപസ്ഥലങ്ങളിലെ മരങ്ങളിലും മയിലാടുംപാറവരെയുള്ള ഇടങ്ങളിലെ വൃക്ഷങ്ങളിലുമായി കാക്കകളുടെ രാപാർക്കൽ തുടരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ വൈകീട്ടത്തെ വരവ് കാണാനും ചന്തമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..