അശാസ്ത്രീയ റോഡ് നിർമാണം: കോന്നി-ചന്ദനപ്പള്ളി റോഡിൽ: അപകടങ്ങൾ തുടർക്കഥ


1 min read
Read later
Print
Share

ഞായറാഴ്ച വള്ളിക്കോട്ട് നടന്ന അപകടത്തിൽ ഓടയിലേക്ക് മറിഞ്ഞുകിടക്കുന്ന ബൈക്ക്

വള്ളിക്കോട് : കോന്നി-ചന്ദനപ്പള്ളി റോഡിൽ വായനശാല ജങ്ഷനിൽനിന്ന് 100 മീറ്ററോളം ദൂരത്തിൽ നിലവാരമില്ലാത്ത കൊരുപ്പുകട്ടകൾ പാകിയതും ഒാടയ്ക്ക് മേൽമൂടിയില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. സ്ഥിരമായി വെള്ളക്കെട്ടുണ്ടാകാറുള്ള റോഡ് ആറുവർഷത്തോളമായി യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നില്ല.

ശാസ്ത്രീയ പഠനത്തിന് ശേഷമാണ് പി.ഡബ്ല്യു.ഡി. ഇവിടെ കൊരുപ്പുകട്ട പാകാൻ തീരുമാനമെടുക്കുന്നത്. എന്നാൽ കരാറുകാരൻ കൊരുപ്പുകട്ട പാകൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ കൊരുപ്പുകട്ടയിൽ തെന്നിവീണുള്ള അപകടങ്ങൾ തുടർക്കഥയായി.

ഗുണനിലവാരമില്ലാത്ത കൊരുപ്പുകട്ട

റോഡിൽ കൊരുപ്പുകട്ടപാകി ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ റോഡിൽ പലഭാഗത്തും കട്ടകൾ പൊട്ടുകയും. കട്ടകൾ നിരതെറ്റുകയും ചെയ്തു. വളരെയധികം മിനുസമുള്ള കട്ടകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പ്രതലത്തിൽ നിന്ന് തെന്നിമാറുന്നതും പതിവായി.

നിർമാണത്തിനുപയോഗിച്ച കൊരുപ്പുകട്ടയുടെ ഗുണനിലവാരത്തെപ്പറ്റി പലതവണ പരാതികളുയർന്നിരുന്നെങ്കിലും കരാറുകാരോ പൊതുമരാമത്ത് വകുപ്പും പരിശോധനയ്ക്കുപോലും തയ്യാറായില്ല.

അപകടം വിതച്ച് മൂടിയില്ലാ ഒാട

റോഡരികിൽ അപകടം വാ പിളർത്തി നിൽക്കുകയാണ് രണ്ടര അടിയോളം താഴ്ചയുള്ള ഓടയുടെ രൂപത്തിൽ. പഴയ ഒാടയുടെ സ്ഥാനംമാറ്റി റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് പുതിയ ഒാട നിർമിച്ചിരിക്കുന്നത്.

റോഡുപണി പൂർത്തിയാക്കി ആറുമാസത്തിലേറെ കഴിഞ്ഞിട്ടും ഒാടയുടെ മേൽമൂടി സ്ഥാപിക്കാൻ നടപടിയുണ്ടായില്ല. വാഹനങ്ങൾ ഒാടയിലേക്ക് വീഴാനുള്ള സാധ്യത മുന്നിൽകണ്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. മൂടിയില്ലാത്ത ഒാടയിലേക്ക് ഇരുചക്രവാഹനങ്ങളും കാറുകളും വീഴുന്നത് പതിവ് കാഴ്ചയാണ്. പലപ്പോഴും നാട്ടുകാരുടെ ഇടപെടലിലൂടെയാണ് അപകടങ്ങൾ ഒഴിവാകുന്നത്.

അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

പത്തനംതിട്ട : കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച ചൂണ്ടിക്കാട്ടി കെ.യു.ജനീഷ് കുമാർ എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പരാതി നല്കി. പരാതി സ്വീകരിച്ച മന്ത്രി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്ന്‌ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി ഉത്തരവിട്ടത്. മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട് എത്തി റോഡ് പരിശോധിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..