Caption
വള്ളിക്കോട് : തിയറ്റർ ജങ്ഷനിൽ 30 മീറ്റർ ദൂരം സഞ്ചരിക്കുന്നവർ പിന്നീടൊരിക്കലും അതുവഴി പോകില്ല. ശരീരമാസകലം ഇളകുന്ന തരത്തിലാണ് റോഡ് കിടക്കുന്നത്. പലതരത്തിലുള്ള കുഴികൾ, ഉയർന്നുപറക്കുന്ന പൊടിപടലം, മുഴച്ചുനിൽക്കുന്ന വലിയ മെറ്റൽ...അപകടങ്ങൾ പതിവായിട്ടും പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതാധികാരികളും ജനപ്രതിനിധികളും ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.
പലപ്രാവശ്യം അശാസ്ത്രീയമായി നിർമാണം നടത്തിയ റോഡിന്റെ സ്ഥിതി നിലവിലും പരിതാപകരമായി തുടരുന്നു. 100 മീറ്ററോളം ദൂരത്തിൽ കൊരുപ്പുകട്ടകൾ പാകിയിരുന്ന റോഡിൽ അപകടങ്ങൾ കൂടിയതോടെയാണ് അതിളക്കിമാറ്റി ടാർചെയ്യുന്നതിനായി മെറ്റൽ ഇട്ടത്. എന്നാൽ ഇതും അപകടം ഉണ്ടാക്കുന്ന സാഹചര്യമാണ്.
നിരന്തരം വെള്ളക്കെട്ടുണ്ടാകാറുള്ള റോഡിൽ കഴിഞ്ഞമാസം കോരുപ്പുകട്ടകൾ പാകിയപ്പോൾ പിന്നീട് ഇതിൽ തെന്നിവീണുള്ള അപകടങ്ങൾ സ്ഥിരമായി. അതിനുശേഷം ഉണ്ടായ ഒരപകടത്തിൽ ബൈക്ക് ഓടയിൽമറിയുകയും കമ്പി തലയിൽ തുളച്ചുകയറി യുവാവിന് പരിക്കുമേറ്റു. റോഡിലെ കൊരുപ്പുകട്ടകൾ ഇളകികിടന്നതിനാൽ ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നു. റോഡുപണി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഒാടയുടെ മേൽമൂടി സ്ഥാപിക്കാൻ നടപടിയുണ്ടായില്ല. വാഹനങ്ങൾ ഒാടയിലേക്ക് വീഴാനുള്ള സാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ല. ഇപ്പോഴും പൂർണമായും മൂടിയിട്ടില്ലാത്ത രണ്ടര അടിയോളം താഴ്ചയുള്ള ഓടകളിൽ വാഹനങ്ങൾ വീഴുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വെള്ളം ഒഴുകിപോകുന്നതിനായി റോഡിനുകുറുകെ പോകുന്ന കോൺക്രീറ്റ് പൈപ്പ് റോഡിന്റെ നിരപ്പിലാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനാൽ പൈപ്പിലൂടെ വെള്ളം പോകില്ല. ഇങ്ങനെ എല്ലാം അശാസ്ത്രീയവും തെറ്റായ രീതിയിലുമാണ് നിർമിക്കുന്നത്.
റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച ചൂണ്ടിക്കാട്ടി കെ.യു. ജനീഷ് കുമാർ എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നല്കിയിരുന്നു. മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം റോഡ് പരിശോധിച്ചു. ഗുണനിലവാരമില്ലാത്ത കൊരുപ്പുകട്ടകൾ, റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലെ ഓടയുടെ നിർമാണം, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരുന്നത് തുടങ്ങിയതിലെ പല അപാകങ്ങൾ അപകടങ്ങൾക്ക് കാരണമായെന്ന് കണ്ടെത്തി.
കഴിഞ്ഞയാഴ്ച റോഡ് ടാർചെയ്യുന്നതിനായി എത്തിയ അധികൃതരോട് വെള്ളം ഒഴുകിപ്പോകുന്നതിനും റോഡിനും കൃത്യവും ശാസ്ത്രീയവുമായ പരിഹാരമാണ് ഇനി വേണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..