വള്ളിക്കോട് : നിരന്തര അപകടങ്ങൾക്ക് ശേഷം ഒടുവിൽ തിയേറ്റർ ജങ്ഷനിലെ ടാറിങ് വെള്ളിയാഴ്ച തുടങ്ങും. മുമ്പുണ്ടായിരുന്ന കൊരുപ്പുകട്ട പൊളിച്ചുമാറ്റിയതോട മെറ്റലും ചരലുമായിക്കിടന്ന് ഇവിടം സ്ഥിരം അപകട മേഖലയായിരുന്നു. ഇക്കാര്യം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി തീയേറ്റർ ജങ്ഷൻ ഭാഗം ടാറിങ് നടത്താൻ പൊതുമരാമത്ത് വിഭാഗം തീരുമാനിച്ചത്. ടാറിങ് നടക്കുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. ചന്ദനപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൈപ്പട്ടൂർ റോഡിൽ കൂടിയും പൂങ്കാവിൽനിന്നും വരുന്ന വാഹനങ്ങൾ വള്ളിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള റോഡിൽ കൂടിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നേരത്തെ 100 മീറ്ററോളം ദൂരത്തിൽ കൊരുപ്പുകട്ട പാകിയിരുന്ന റോഡിൽ അപകടങ്ങൾ കൂടിയതോടെയാണ് അതിളക്കിമാറ്റി ടാർ ചെയ്യാൻ മെറ്റൽ ഇട്ടത്. എന്നാൽ, നാളുകളായിട്ടും ടാർ ചെയ്യാതെ കിടക്കുകയായിരുന്നു.
മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിൽ കഴിഞ്ഞമാസം കട്ടകൾ പാകിയപ്പോൾ ഇതിൽ തെന്നിവീണുള്ള അപകടങ്ങൾ സ്ഥിരമായി. അതിനുശേഷം ഉണ്ടായ ഒരപകടത്തിൽ ബൈക്ക് ഓടയിൽ മറിയുകയും കമ്പി തലയിൽ തുളച്ചുകയറി യുവാവിന് പരിക്കുമേറ്റു. റോഡിലെ കട്ടകൾ ഇളകികിടന്നതിനാൽ ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നു.
കോൺക്രീറ്റ് പൈപ്പിന്റെ കാര്യത്തിൽ ആശങ്ക
വെള്ളം ഒഴുകിപോകാൻ റോഡിനുകുറുകെ പോകുന്ന കോൺക്രീറ്റ് പൈപ്പ് റോഡിന്റെ നിരപ്പിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് സ്ഥാപിക്കുന്ന സമയത്ത് തന്നെ അൽപ്പംകൂടി താഴ്ത്തി പൈപ്പിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും നടന്നില്ല. ടാറിങ് പൂർത്തിയാകുന്ന മുറയ്ക്ക് വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന പക്ഷം പൈപ്പ് പൊട്ടാനുള്ള സാധ്യതയുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..