തൃപ്പാറ റോഡിന്റെ ഒരുഭാഗത്ത് മദ്യക്കുപ്പികളും മാലിന്യവും വലിച്ചെറിഞ്ഞ നിലയിൽ
വള്ളിക്കോട് : പഞ്ചായത്തിലെ ചന്ദനപ്പള്ളി-തൃപ്പാറ റോഡിൽ കോട്ടൂർ ഭാഗത്ത് സമൂഹവിരുദ്ധ ശല്യം. രാത്രിയിൽ ആളുകൾ കൂട്ടമായി ഇവിടെ എത്തി മദ്യപിക്കുന്നത് പതിവാണ്. റോഡിൽ മദ്യക്കുപ്പികളും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പൊതുവഴി ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാക്കുകയും ചെയ്യുന്നു. റോഡിന്റെ ഇരുവശങ്ങളിലും കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം കാൽനടയാത്രക്കാർക്കും ചുറ്റുവട്ടത്തു താമസിക്കുന്ന വീട്ടുകാർക്കുമാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
മാലിന്യകൂമ്പാരത്തിൽനിന്നും വമിക്കുന്ന ദുർഗന്ധം പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. കൂടാതെ മാലിന്യം തള്ളുന്നതുകാരണം തെരുവുനായകളുടെ ശല്യവും ഇവിടെ വ്യാപകമാണ്. തൊട്ടടുത്ത് എഴുനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളും ഉണ്ട്. സ്കൂളിലേക്ക് പോകാൻ കൂടുതൽ കുട്ടികളും ആശ്രയിക്കുന്നത് ഈ വഴിയാണ്. തെരുവുനായശല്യം കാരണം നിലവിൽ ഈ റോഡിലൂടെയുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പേടിയാണ്. റോഡിന്റെ ഇരുവശവും വയലുകളാണ്. ഒഴിഞ്ഞ പ്രദേശമായ ഇവിടെ രാത്രി തെരുവുവിളക്കും പ്രവർത്തിയ്ക്കാറില്ല. രാത്രി സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴിയുള്ള യാത്ര അവരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. പൊതുവെ തിരക്കുള്ള പ്രധാനപ്പെട്ട ഒരുറോഡാണ് ചന്ദനപ്പള്ളി -തൃപ്പാറ റോഡ്. പക്ഷേ, രാത്രി പൊതുവേ ആളൊഴിഞ്ഞ അവസ്തയാണ്. അതിനാൽ ഈ സ്ഥിതി മുതലെടുക്കുകയാണ് സമൂഹവിരുദ്ധർ.
പോലീസിന്റെ ശ്രദ്ധ ഉണ്ടാകണം
സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നിലവിൽ നടക്കുന്നത്. രാത്രി സ്ത്രീകൾക്കും കുട്ടികൾക്കും ഈ വഴി യാത്രചെയ്യാൻ ഭയമാണ്. റോഡിന്റെ ഇരുവശങ്ങളിലും കൂടികിടക്കുന്ന മാലിന്യ കൂമ്പാരം പരിസരവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. പോലീസിന്റെ ശ്രദ്ധ രാത്രി ഈ പ്രദേശങ്ങളിൽ കാര്യക്ഷമമായി ഉണ്ടാേകണ്ടതാണന്ന് നാട്ടുകാർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..