• ഈഴക്കോട്ടുച്ചിറയുടെ അരിക് കെട്ട് പൊളിഞ്ഞ് ചിറയിലേക്ക് വീണപ്പോൾ
ഏഴംകുളം : പണിഞ്ഞ് പണിഞ്ഞ് ഉദ്ഘാടനം കാത്തുകിടന്ന ചിറയുടെ അരിക് ഒടുവിൽ വെള്ളത്തിലായി. അറുകാലിക്കൽ ഈഴക്കോട്ടുച്ചിറയുടെ അരിക് കെട്ടാണ് പൊളിഞ്ഞുവീണത്. ജില്ലാ ചെറുകിട ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ 2021-22 വർഷത്തെ പദ്ധതിയിൽ 52,09,233 രൂപ മുടക്കിയാണ് ചിറ നവീകരിച്ചത്. 2021 ജൂലായ് ഏഴിനാണ് നിർമാണം ആരംഭിച്ചത്.
നവംബർ ആറിന് നിർമാണം പൂർത്തിയാക്കി ശിലാഫലകവും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് കെട്ടിളകി ചിറയിലേക്ക് വീണത്. ഈ ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി. 50 മീറ്ററോളം വരുന്ന ഭാഗത്തെ കൽകെട്ടാണ് ഇടിഞ്ഞു വീണത്. ചിറയുടെ പഴയ കെട്ടിനു മുകളിൽ വീണ്ടും കെട്ടിയതാണ് കെട്ടിളകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാനം എടുക്കാതെ അരിക് കെട്ടുന്നത് സംബന്ധിച്ച് നാട്ടുകാർ മുമ്പ് തന്നെ പരാതി ഉന്നയിച്ചതാണ്. എന്നാൽ അധികൃതർ ഇത് ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ചിറയുടെ പുനരുദ്ധാരണത്തോടെ പ്രഭാതനടത്തം പോലുള്ള നിരവധി പദ്ധതികളാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്.
സമീപത്തെ തോട്ടിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായതോടെ പഴയ കെട്ട് ഇരുത്തിയതാണ് പുതിയ സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ബി.ജെ.പി.യും കോൺഗ്രസും പ്രതിഷേധിച്ചു
ഈഴക്കോട്ടുച്ചിറയുടെ അരിക് തകർന്നുവീണതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഏഴംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് കൊടിനാട്ടി പ്രതിഷേധിച്ചു. ലക്ഷങ്ങൾ മുടക്കിയാണ് അരിക് കെട്ടി നവീകരിച്ചത്. കെട്ട് തകർന്നതിലൂടെ വൻ അഴിമതിയാണ് പുറത്തുവരുന്നതെന്നും ഇതിനാൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻറ് അനിൽ നെടുമ്പള്ളിൽ, ഏരിയ പ്രസിഡൻറ് സതീശൻ നായർ, വൈസ് പ്രസിഡൻറ് കെ.എസ്. ബിജു, ജനറൽ സെക്രട്ടറി സജീവ്, രാധാകൃഷ്ണൻ,സിയാദ്,സന്തോഷ് ബാലൻ,പ്രദീപ്,പ്രവീൺ എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് ഏഴംകുളം കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..