കെ.എസ്.ആർ.ടി.സി.യിൽ താത്കാലിക പരിഹാരം : എംപാനൽഡ് ജീവനക്കാരെ തിരിച്ചെടുക്കും


Caption

പത്തനംതിട്ട : ജില്ലയിലെ കെ.എസ്.ആർ.ടി.സി. യൂണിറ്റുകളിലെ ഡ്രൈവർ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമൊരുങ്ങുന്നു. വിവിധ യൂണിറ്റുകളിലേക്കായി ദിവസവേതനാടിസ്ഥാനത്തിൽ എം പാനൽഡുകാരുടെ നിയമന നടപടികൾ ആരംഭിച്ചതോടെയാണിത്. ഡ്രൈവർമാരാകുന്നതിനായി ജില്ലയിൽ 123 പേരാണ് അപേക്ഷ നൽകിയത്.

ഇതിൽ മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് ടെസ്റ്റ് നടത്തി 62 പേരെയാണ് തിരഞ്ഞെടുത്തത്. തുടർന്ന് ഡി.ടി.ഒ.യുടെ നേതൃത്വത്തിൽ പ്രത്യേക അഭിമുഖവും നടത്തി. അന്തിമ പട്ടിക തിരുവനന്തപുരത്തെ ചീഫ് ഓഫീസിലേക്ക് അയച്ചു.

ഒരാഴ്ചക്കുള്ളിൽ ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഡിപ്പോയിലെത്തുമെന്നാണ് പ്രതീക്ഷ. എണ്ണത്തിൽ കുറവാണെങ്കിലും ശബരിമല തീർഥാടനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവരുടെ സേവനം കുറച്ചെങ്കിലും കെ.എസ്ആർ.ടി.സി.ക്ക് ആശ്വാസമാകും.

നേരത്തേ, കോടതി നിർദേശപ്രകാരം ഏഴ് യൂണിറ്റുകളിൽനിന്നായി 160 എംപാനൽഡ് ഡ്രൈവർമാരെയാണ് ഒഴിവാക്കിയത്. പത്തനംതിട്ട-51, അടൂർ-37, തിരുവല്ല-25, കോന്നി-15, മല്ലപ്പള്ളി-12 റാന്നി-10, പന്തളം-10 എന്നിങ്ങനെയാണ് ഒഴിവാക്കിയവരുടെ എണ്ണം.

നിലവിലുള്ളവർക്ക് കട്ടിപ്പണി

നിലവിലുള്ള ജീവനക്കാർ അധികസമയം ഡ്യൂട്ടിയെടുക്കുന്നതുമൂലമാണ് സർവീസുകൾ കാര്യമായി മുടങ്ങാതിരിക്കുന്നത്. എന്നാൽ, കൃത്യമായി അവധി ലഭിക്കാത്തതും ജോലിഭാരം വർധിക്കുന്നതും ജീവനക്കാർക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ചില ദിവസങ്ങളിൽ ജീവനക്കാർ അവധിയെടുക്കുന്ന ദിവസം സർവീസുകൾ മുടങ്ങാറുമുണ്ട്.

വേണ്ടത്ര ഡ്രൈവർമാരില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി. യൂണിറ്റുകളിൽനിന്നുള്ള ബസ് സർവീസുകൾ പലതും പ്രതിസന്ധിയിലാണ്.

അടുത്തിടെ ആരംഭിച്ച സർവീസുകൾ കൃത്യമായി നടത്താനാകുന്നില്ലെന്നുമാത്രമല്ല, നിലവിലുള്ള സർവീസുകൾപോലും അയയ്ക്കാൻ കഴിയുന്നില്ലെന്നതാണ് സ്ഥിതി.

പത്തനംതിട്ട ഡിപ്പോയിൽമാത്രം 132 ഡ്രൈവർമാർ വേണ്ടയിടത്ത് ആകെ 109 പേർ മാത്രമാണുള്ളത്. ഇതുകാരണം മൊത്തമുള്ള 47 സർവീസുകളിൽ എത്രയൊക്കെ പരിശ്രമിച്ചാലും 45-ൽ അധികം അയയ്ക്കാൻ സാധിക്കുന്നില്ല.

കോവിഡിനുമുമ്പ് 74-ന് മുകളിൽ സർവീസുകൾ ഓപ്പറേറ്റുചെയ്തതിരുന്ന ഡിപ്പോയാണിത്. താത്‌കാലിക ഡ്രൈവർമാരായി ജോലിചെയ്തിരുന്ന 145 പേരെ ഒഴിവാക്കിയതോടെയാണ് പത്തനംതിട്ടയിൽ ദുരിതം തുടങ്ങിയത്.

തിരുവല്ല, അടൂർ, മല്ലപ്പള്ളി തുടങ്ങിയ വലിയ യൂണിറ്റുകളിലും ഇതേ പ്രതിസന്ധിയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..