സീതത്തോട്-ചിറ്റാർ റോഡിൽ ഗതാഗത തടസ്സമായി കിടക്കുന്ന സ്വകാര്യബസ്
സീതത്തോട് : അപകടത്തിൽപ്പെട്ട സ്വകാര്യബസ് നീക്കംചെയ്യാതെ റോഡുവക്കിൽ കിടക്കുന്നത് വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു. സീതത്തോട്-ചിറ്റാർ റോഡിൽ മൂന്നുകല്ല് മൂട്ടപ്പടിയിൽ നവംബർ 15-ന് കുഴിയിലേക്ക് മറിഞ്ഞ ബസാണ് ഗതാഗതത്തിന് ഭീഷണിയാകുന്നത്. കുഴിയിലേക്ക് മറിഞ്ഞ ബസ് ഉയർത്തി റോഡ് വക്കിൽ ടാർപ്പോളിൻകൊണ്ട് മൂടി ഇട്ടിരിക്കുകയാണ്. ഇതാകട്ടെ ഇവിടെ കാഴ്ച മറയ്ക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്യുന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
മൂന്നുകല്ല് ഇറക്കം ഇറങ്ങവേയാണ് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അന്നുതന്നെ ബസ് ഉയർത്തി റോഡിന്റെ വശത്ത് ഇട്ടതാണ്. ഈ പ്രദേശം ഏറെ അപകടം നിറഞ്ഞ സ്ഥലമാണ്. മുമ്പും ഈ ഭാഗത്ത് നിരവധി വാഹനാപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ റോഡിന്റെ ഇരുവശത്തുനിന്നും നല്ല വേഗത്തിൽ വാഹനങ്ങളെത്തുക പതിവാണ്. അടുത്തെത്തുമ്പോൾ മാത്രമാണ് നിർത്തിയിട്ടിരിക്കുന്ന വാഹനം ശ്രദ്ധയിൽപ്പെടുക. ഇത് വീണ്ടും ഇവിടെ അപകടമുണ്ടാക്കുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. രാത്രി സ്ഥിതി കൂടുതൽ സങ്കീർണമാണ്. പ്ലാപ്പള്ളി-ചിറ്റാർ-വടശേരിക്കര ശബരിമല അനുബന്ധ പാതകൂടിയാണ് ഈ വഴി. അതുകൊണ്ടുതന്നെ ശബരിമല പ്രധാന പാതയിൽ എന്തെങ്കിലും ഗതാഗത തടസ്സമുണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടുന്നതും ഈ വഴിയാണ്. ഗതാഗത പ്രാധാന്യമേറെയുള്ള ഈ വഴിയിൽ മണ്ഡലകാലത്ത് യാതൊരുവിധ തടസ്സങ്ങളും അനുവദിക്കുന്നതല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..