എൽ.ഡി.ക്ലാർക്ക് നിയമനവിവാദം;സബ് കളക്ടർ അന്വേഷണം തുടങ്ങി


സീക്രട്ട് സെക്ഷനിലെ അടക്കം ജീവനക്കാരുടെ മൊഴിയെടുത്തു

പത്തനംതിട്ട : ഉദ്യോഗാർഥികൾക്ക് തപാൽവഴി അയയ്ക്കേണ്ട നിയമന ഉത്തരവ് ഇടതുപക്ഷ യൂണിയൻ നേതാവ് നേരിട്ട് നൽകിയതുസംബന്ധിച്ച വിവാദത്തിൽ സബ് കളക്ടർ ശ്വേത നാഗർകോട്ടി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച കളക്ടറേറ്റിലെത്തി എ.ഡി.എം., സീക്രട്ട് സെക്ഷൻ, തപാൽ സെക്ഷൻ, െഡസ്‌പാച്ച് സെക്ഷൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ മൊഴിയെടുത്തു. സ്ഥലത്തില്ലാതിരുന്ന ശിരസ്തദാറിനോട് ശനിയാഴ്ച തിരുവല്ലയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചതായാണ് വിവരം. ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്.അയ്യരാണ് അന്വേഷണച്ചുമതല സബ് കളക്ടറെ ഏൽപ്പിച്ചത്. കളക്ടറേറ്റിലെ തന്നെ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ നിഷ്‌പക്ഷമാകില്ലെന്ന വിലയിരുത്തലിലാണ് സബ് കളക്ടറെ ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദേശം.

ആരോപണ വിധേയരെ മാറ്റണം കുറ്റാരോപിതരായ ആളുകൾ കളക്ടറേറ്റിൽ തുടരുന്ന സാഹചര്യത്തിൽ അന്വേഷണം സുതാര്യമാകില്ലെന്ന വാദവും ഉയരുന്നുണ്ട്. അടിമുടി ദുരൂഹത നിറഞ്ഞ വിവാദത്തിൽ ജീവനക്കാർ അവിടെത്തന്നെ തുടരുന്നത് തെളിവ് നശിപ്പിക്കാൻ സാധ്യതയേറെയാണ്. സീക്രട്ട്, തപാൽ, ഡെസ്‌പാച്ച് എന്നീ സെക്ഷനുകളിലെല്ലാം ഭരണാനൂകൂല സംഘടനയിൽപ്പെട്ട ജീവനക്കാരുണ്ട്. ഇവരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് എൻ.ജി.ഒ. സംഘ് പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയിരുന്നു. സാമ്പത്തിക ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..