• ഉതിമൂട്ടിൽ അവശനിലയിൽ കണ്ടെത്തിയ പക്ഷിയെ നാട്ടുകാർ ശുശ്രൂഷിക്കുന്നു
റാന്നി : അവശനിലയിൽ കണ്ടെത്തിയ വെള്ള അരിവാൾകൊ ക്കനെ (ബ്ലാക്ക് ഹെഡെഡ് ഐബിസ്) കണ്ടില്ലെന്ന് നടിക്കാൻ ഉതിമൂട് നിവാസികൾക്ക് കഴിഞ്ഞില്ല. തങ്ങളാൽ കഴിയുംവിധം ഒരു ദിവസം പരിപാലിച്ചിട്ടും മാറ്റമില്ലാത്തതിനാൽ പക്ഷിയെ ഓട്ടോറിക്ഷയിൽ ജില്ലാ വെറ്ററിനറി സെന്ററിൽ എത്തിച്ചു. ഇടതുകാൽ ഒടിഞ്ഞ പക്ഷിക്ക് ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് വനപാലകർക്ക് കൈമാറി.
വ്യാഴാഴ്ച ഉച്ചയോടെയാണിതിനെ അവശനിലയിൽ ഉതിമൂട് ജങ്ഷന് സമീപമുള്ള പുരയിടത്തിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവർ രഞ്ജിത്തും സുഹൃത്തുക്കളുമാണ് പക്ഷിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. സ്ത്രീകളടക്കം പക്ഷിസ്നേഹികൾ ഇവർക്കൊപ്പം ചേർന്നു. ഒടിഞ്ഞ കാലിൽ മരുന്ന് വെച്ച് കെട്ടി പരിപാലിക്കാൻ ശ്രമിച്ചു. എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും മാറ്റമൊന്നും ഉണ്ടായില്ല. തുടർന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം സോണി തോപ്പിലെത്തി. ഇവർ പക്ഷിയെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വനപാലകരെയും വിവരമറിയിച്ചു. അവർ ആശുപത്രിയിലെത്താമെന്നറിയിച്ചു. തുടർന്ന് രഞ്ജിത്തും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഡോ. സിസിലി അന്ന ബേസിലിന്റെ നേതൃത്വത്തിൽ പക്ഷിയെ പരിശോധിച്ചു. ഇടതുകാലിൽ ഒടിവുണ്ടായിരുന്നു. നീരുവെച്ചിരുന്നതിനാൽ പ്രഷർ ബാൻഡേജിട്ട് ആന്റിബയോട്ടിക് മരുന്നുകളും നൽകി കോന്നിയിൽ നിന്നെത്തിയ വനപാലകർക്ക് കൈമാറി. ബ്ലാക്ക് ഹെഡെഡ് ഐബിസ് വിഭാഗത്തിൽപെട്ട പക്ഷിയാണിതെന്ന് അവർ പറഞ്ഞു.ബ്ലാക്ക് ഹെഡെഡ് ഐബിസ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..