കൂട്ടിനുള്ളിൽ ഒൻപത്‌ ആടുകൾവന്യജീവികളുടെ കടിയേറ്റ് ചത്തു


ആക്രമിച്ചത് കുറുനരികളെന്ന് വനപാലകർ

Caption

റാന്നി : കൂട്ടിനുള്ളിൽ കെട്ടിയിട്ടിരുന്ന ഒരു ആട്ടിൻകുട്ടിയടക്കം ഒമ്പത് ആടുകളെ വന്യജീവികളുടെ കടിയേറ്റ് ചത്തനിലയിൽ കണ്ടെത്തി. ഒരു ആട്ടിൻകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുറുനരികളുടെ ആക്രമണത്തിലാണ് ഇവ ചത്തതെന്നാണ് വനപാലകരുടെ നിഗമനം.

റാന്നി ഈട്ടിച്ചുവട് ഏഴോലി വലിയകാലായിൽ മാത്യൂസ് ഏബ്രഹാമിന്റെ ആടുകളാണ് ചത്തത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. റബ്ബർ തോട്ടത്തിൽ ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന കൂട്ടിലാണിവയെ കെട്ടിയിരുന്നത്. ടാപ്പിങ്ങിനെത്തിയ മഠത്തുംചാൽ തേവരുപാറയ്ക്കൽ സതീശനാണ് ഇവയെ ചത്തനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവയെ പരിപാലിച്ചുവന്ന നെടുവേലിൽ കുഞ്ഞുമോനെയും, ഉടമസ്ഥനെയും അദ്ദേഹത്തിന്റെ സഹോദരൻ അനി വലിയകാലായിലിനെയും സതീശൻ വിവരമറിയിച്ചു. നാല് തള്ളയാടുകളും നാല് മുട്ടനാടുകളും രണ്ട് കുട്ടികളുമാണുണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടി ഒഴികെയുള്ളതിനെയെല്ലാം കടിച്ചു കൊന്നിട്ടിരിക്കുകയായിരുന്നു. ആട്ടിൻകുട്ടിയടക്കം അഞ്ച് ആടുകൾ കൂടിന് വെളിയിലാണ് കിടന്നിരുന്നത്. ഇവയെ വലിച്ചുകൊണ്ടുപോയതിന്റെ അടയാളമുണ്ട്.

ചനയുള്ള രണ്ട് ആടുകളും ചത്തവയിൽപെടുന്നു. ഇതിൽ ഒന്നിന് രണ്ട് കുട്ടികളും മറ്റേതിന് ഒരു കുട്ടിയും വയറ്റിൽ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കണ്ടെത്തി. കഴുത്തിനും വയറിന്റെ ഭാഗത്തുമാണ് കടിയറ്റിട്ടുള്ളത്. സമീപം നാല് പശുക്കളും മൂന്ന് പോത്തുകളും ഉണ്ടായിരുന്നെങ്കിലും അവയെ ആക്രമിച്ചിട്ടില്ല.

അങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടർ ലിപിനാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി. കൂട്ടമായുള്ള ആക്രമണവും വയറിന്റെ നിരപ്പിനുള്ള കടിയുമാണ് കുറുനരികളാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്താൻ കാരണമെന്ന് വനപാലകർ പറഞ്ഞു. വനാതിർത്തിയിൽനിന്നു ഏകദേശം ഒന്നര കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. മിക്ക ദിവസങ്ങളിലും രാത്രിയിൽ കുറുനരിയുടെ കൂവൽ കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇവയിൽനിന്നു കാര്യമായ ഉപദ്രവം ഉണ്ടാകുന്നത് ആദ്യമാണെന്നും ഇവർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..