Caption
കോന്നി : വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലയിൽനിന്നു ജനങ്ങൾക്ക് സ്വയം ഒഴിഞ്ഞുപോകാനുള്ള പദ്ധതിയിലേക്ക് കൂടുതൽ പേർ താത്പര്യം കാട്ടുന്നു. 60 വർഷങ്ങൾക്ക് മുൻപ് കിഴക്കൻ മലയോരങ്ങളിൽ ഭക്ഷ്യ ഉത്പാദനത്തിനായി കുടിയേറിപ്പാർത്തവരുടെ പിൻതലമുറക്കാരാണ് കാടിനോട് ചേർന്നുള്ള താമസം ഉപേക്ഷിക്കാൻ സന്നദ്ധതകാട്ടുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്, നീരാമക്കുളം, അപ്പൂപ്പൻതോട് സ്ഥലങ്ങളിലെ കുടിയേറ്റക്കാർ അവിടം വിട്ടുപോകാൻ സന്നദ്ധത
അറിയിച്ചിട്ടുണ്ട്. 200-ഓളം അപേക്ഷകൾ ഇതുവരെ ലഭിച്ചതായി നടുവത്തുമൂഴി വനം റെയ്ഞ്ച് ഒാഫീസർ ശരത്ചന്ദ്രൻ പറഞ്ഞു. അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ചശേഷമേ നടപടി സ്വീകരിക്കൂ. തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, മൂർത്തിമൺ, ഏഴാംതല പ്രദേശങ്ങളിൽ ഉള്ള കുടിയേറ്റ കർഷകരും സമാന രീതിയിൽ അവിടം വിട്ടുപോകാൻ താത്പര്യം കാട്ടുന്നുണ്ട്. ഗൂഡ്രിക്കൽ റെയ്ഞ്ചിലാണ് ഈ പ്രദേശത്തുള്ളവർ അപേക്ഷ നൽകിയിരിക്കുന്നത്.
ഒഴിഞ്ഞുപോകുന്നവർക്ക് ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് ഒഴിഞ്ഞുപോകുന്നവരുടെ അപേക്ഷകൾ പരിശോധിക്കുന്നതും നഷ്ടപരിഹാരം നൽകുന്നതും. പട്ടയമുള്ള അഞ്ച് ഏക്കർ ഭൂമിയും ഭാര്യയും ഭർത്താവും പ്രായപൂർത്തിയാകാത്ത കുട്ടികളേയും ഒരു യൂണിറ്റായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് 15 ലക്ഷം രൂപയാണ് പുനരധിവാസത്തിനായി നൽകുന്നത്. 10ഏക്കർ ഭൂമി ഉള്ളവർക്ക് അധികമായി 15 ലക്ഷം രൂപകൂടി കിട്ടും അതിനുമുകളിൽ ഭൂമി ഉള്ളവർക്ക് ആനുപാതികമായി വർധന ഉണ്ട്. 18 വയസ്സ് പൂർത്തിയായ മക്കൾ വീട്ടിൽ ഉണ്ടെങ്കിൽ അവർക്ക് അധികമായി 15 ലക്ഷം രൂപകൂടി നൽകുന്നുണ്ട്. വനമേഖലയോട് ചേർന്നുള്ള
പ്രദേശങ്ങളിൽ കൃഷി ലാഭകരമല്ലാതായതും വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതുമാണ് ജനങ്ങളെ പുനർചിന്തനത്തിന് ഇടയാക്കിയത്. പരിസ്ഥിതി നിയമങ്ങളും വനമേഖലയിലെ താമസം സുരക്ഷിതമല്ലാതാക്കി. പട്ടയഭൂമി സംബന്ധിച്ച് പലയിടങ്ങളിലും തർക്കങ്ങൾക്ക് പരിഹാരമായിട്ടില്ല. ഇതിന് പുറമേ കുടിയേറ്റ കർഷകരുടെ വീട്ടിൽപ്പെട്ട പുതു തലമുറയിൽപ്പെട്ടവർക്ക് പഴയതുപോലെ കാടിനുള്ളിൽ കഴിയാൻ താത്പര്യം കാണിക്കുന്നില്ല. വനമേഖലയിൽ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുമ്പോൾ സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..