പന്തളം : പന്തളത്തുനിന്നു പമ്പയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിന്റെ സമയം മാറ്റി. രാത്രി ഒൻപതിന് പൊയ്ക്കൊണ്ടിരുന്ന ബസാണ് വൈകീട്ട് 6.30-ന് ആക്കിയത്. ഇത് പന്തളത്തെത്തി ശബരിമലയിലേക്ക് പോകുന്ന തീർഥാടകർക്ക് ബുദ്ധിമുട്ടാകും. രാത്രി കെട്ടുനിറച്ച് ക്ഷേത്രദർശനം കഴിഞ്ഞ് പമ്പയിലേക്ക് പോകുന്നവരാണ് തീർഥാടകരിലധികവും. 6.30-ന് ബസ് പുറപ്പെടുകയാണെങ്കിൽ രാത്രി കെട്ടുനിറച്ചെത്തുന്നവർക്ക് പത്തനംതിട്ടയിലോ പമ്പയിലോ എത്താൻ ബസില്ലാതെ വരും. രാത്രി എട്ടുമണികഴിഞ്ഞാൽ പത്തനംതിട്ടയ്ക്ക് ബസ് സർവീസില്ല. മറ്റ് ഡിപ്പോകളിൽനിന്ന് പമ്പയിലേക്ക് പോകുന്ന ബസുകളിൽ സീറ്റ് കിട്ടുകയുമില്ല.
സ്ഥിരം ഷെഡ്യൂളിൽ പോകുന്ന ബസുകൾക്ക് സ്പെഷ്യൽ ചാർജ് ഈടാക്കരുതെന്ന കോടതിയുടെ ഉത്തരവനുസരിച്ചാണ് മാറ്റുന്നതെന്നാണ് കെ.എസ്.ആർ.ടി.സി. അധികാരികൾ പറയുന്നത്. പമ്പയ്ക്ക് പന്തളത്തുനിന്നു 6.30-ന് സ്ഥിരം സർവീസാണുള്ളത്. ഇത് തീർഥാടനകാലത്ത് അയ്യപ്പന്മാരുടെ സൗകര്യാർത്ഥം രാത്രി ഒൻപതിന് മണികണ്ഠനാൽത്തറയിലെത്തി അയ്യപ്പന്മാരെ കയറ്റി പമ്പയ്ക്ക് പോകണമെന്നാണ് നിർദേശം.
എന്നാൽ സമയക്രമത്തിൽ മാറ്റംവരുത്തി 6.30-ന് പോകുന്നതോടെ തീർഥാടകരില്ലാതെ പന്തളത്തുനിന്നു കാലിയായി ബസ് പോകേണ്ടിവരുമെന്നും പത്തനംതിട്ടയിലെത്തി തീർഥാടകർ ബസിൽ നിറയുന്നതുവരെ കാത്തുകിടക്കേണ്ടിവരുമെന്നും സ്ഥിരം പമ്പാ ബസിൽ ജോലിനോക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു.
പന്തളത്തുനിന്നു പമ്പയ്ക്കുള്ള ബസ് ചാർജ് 133 രൂപയായിരുന്നത് സ്പെഷ്യൽ ചാർജുകൂടി ചേർത്ത് 164 രൂപയാക്കി ഉയർത്തിയിരുന്നു. കോടതി നിർദേശമനുസരിച്ച് സ്ഥിരം ബസായി ഓടിച്ചു തുടങ്ങിയതോടെ 133 രൂപയായി വീണ്ടും കുറച്ചിട്ടുണ്ട്. എന്നാൽ സമയമാറ്റമാണ് തീർഥാടകർക്ക് ബുദ്ധിമുട്ടാകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..