Caption
പന്തളം : പശുവളർത്തലിന് ചെലവേറിയതിനാൽ പാലിന് വിലകൂട്ടിയാലും കർഷകന് നേട്ടമില്ല. പാലിന്റെ വില കൂട്ടുന്നതിന് മുമ്പ് പശുവിനുള്ള തീറ്റയുടെ വില കുത്തനെ ഉയർത്തിയതാണ് കർഷകന് ചെലവേറാൻ പ്രധാന കാരണം. മിൽമയുടെയും കേരള ഫീഡ്സിന്റെയും കാലിത്തീറ്റയ്ക്കുവരെ 150 രൂപമുതൽ വർധന വരുത്തി. പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ ക്ഷീരകർഷകർ പോകുന്നത്. പാലിന്റെ ഗുണമേന്മയനുസരിച്ച് കർഷകന് 36 മുതൽ നാൽപ്പത് രൂപവരെയാണ് ലിറ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2019-നും 2022-നും ഇടയിൽ കാലിത്തീറ്റയ്ക്ക് നാലുതവണ വില വർധിപ്പിച്ചപ്പോഴും പാലിന് വില വർധിച്ചില്ല. അപ്പോഴും കർഷകൻ നഷ്ടംസഹിച്ച് പശുവളർത്തൽ നടത്തിക്കൊണ്ടുപോയി. കാലിത്തീറ്റയ്ക്ക് ഉടനെ വില വർധിപ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചതിനിടെയാണ് സർക്കാരിന്റെ കീഴിലുള്ള കമ്പനികളുൾപ്പെടെ വില ഉയർത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന വൈക്കോലിനും പശുവിനുള്ള മരുന്നുകൾക്കും ഉൾപ്പെടെ വില കൂടിയതും ക്ഷീരകർഷകനെ തളർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ പാൽവില 11 രൂപ വർധിപ്പിച്ചാൽ മാത്രമേ കർഷകന് പിടിച്ചുനിൽക്കാൻ കഴിയൂ. ഇല്ലെങ്കിൽ കാലിത്തീറ്റയുടെ വില കുറയ്ക്കണം.
കൃഷി ഉപേക്ഷിക്കേണ്ടിവരും
കാലിത്തീറ്റയുടെവില നിയന്ത്രണമില്ലാതെ കൂട്ടിയാൽ ചെലവേറിയ പശുവളർത്തൽ ഉപേക്ഷിക്കേണ്ടിവരും. ക്ഷീരകർഷകന് പ്രയോജനപ്രദമായ കാര്യങ്ങൾ ഇവിടെ നടപ്പാക്കേണ്ടതായുണ്ട്. തമിഴ്നാട്ടിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമെത്തിക്കുന്ന പശുക്കളെയും കന്നുകുട്ടികളെയുമാണ് ഇവിടെ വളർത്തുന്നത്. ഇവയ്ക്ക് ഇവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പ്രയാസമുള്ളവയും രോഗബാധകളുള്ളവയുമാണ്. കേരളത്തിൽത്തന്നെ കന്നുകുട്ടികളെ ലഭിക്കാനുള്ള സാധ്യതയും ഉണ്ടാകണം.
ബി.പി.പ്രകാശ്, ജില്ലാ പ്രസിഡന്റ്, സമഗ്ര ക്ഷീരകർഷകസംഘം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..