• തോട്ടപ്പുഴ പമ്പിങ് ലൈനുമായി ബന്ധിപ്പിക്കാൻ നെല്ലാട്-കല്ലിശ്ശേരി റോഡ് മുറിക്കുന്ന പണികൾ നടത്തുന്നു
ഇരവിപേരൂർ : പൊതുമരാമത്തിന്റെ കടുംപിടിത്തത്തിൽ പഞ്ചായത്തിൽ നിലനിന്നിരുന്ന കുടിവെള്ളവിതരണ പ്രതിസന്ധിയ്ക്ക് പരിഹാരമായി. വാട്ടർ അതോറിറ്റിയുടെ തോട്ടപ്പുഴയിൽനിന്നുള്ള പമ്പിങ്ങാണ് റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്താൽ തടസ്സപ്പെട്ട് കിടന്നത്. 'മാതൃഭൂമി' കഴിഞ്ഞമാസം രണ്ടിന് ഇക്കാര്യം വാർത്തയായി നൽകിയിരുന്നു.
നെല്ലാട്-കല്ലിശ്ശേരി റോഡ് വീതികൂട്ടി ടാറിട്ട വേളയിൽ പഴയ പൈപ്പുകൾ മാറ്റിയിരുന്നു. പുതിയ പമ്പിങ്ലൈൻ ഇട്ടെങ്കിലും തോട്ടപ്പുഴയിലെ പമ്പ് ഹൗസുമായി ബന്ധിപ്പിച്ചിരുന്നില്ല.
പാത മുറിച്ചുവേണമായിരുന്നു ഇത് ചെയ്യാൻ. അതിനുള്ള അനുമതിയ്ക്ക് പി.ഡബ്ല്യൂ.ഡിയുടെ ഉന്നത അധികാരികൾ അടക്കമുള്ളവരെ സമീപിച്ചിട്ടും ലഭിച്ചിരുന്നില്ല.
ഉന്നത നിലവാരത്തിൽ ടാറിട്ട റോഡ് ഒരുവർഷം കഴിഞ്ഞേ മുറിക്കാൻ അനുമതി നൽകാവൂയെന്ന മന്ത്രിതല നിർദേശമാണ് തടസ്സമായി നിന്നത്.
ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് കണ്ടതിനേതുടർന്ന് അനുമതി നൽകിയെങ്കിലും തുടർനടപടികൾ വൈകി. 19-ന് പത്തനംതിട്ടയിൽ നടന്ന ജൽജീവൻ മിഷൻ അവലോകന യോഗത്തിൽ മന്ത്രി റോഷൻ അഗസ്റ്റിന്റെ മുമ്പിൽ മന്ത്രി വീണാ ജോർജ് വിഷയം അവതരിപ്പിച്ചു. ഇതോടെ, റോഡ് മുറിച്ച് ഇക്കാര്യം ഉടനടി ചെയ്തുകൊടുക്കാൻ മന്ത്രി വാട്ടർ അതോറിറ്റി തിരുവല്ല എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
പണി തുടങ്ങി
പാത മുറിക്കുന്ന പണികൾ വെള്ളിയാഴ്ച തുടങ്ങി. 125 മീറ്റർ നീളത്തിലാണ് മുറിക്കുക. ഒന്നര അടി വീതിയും രണ്ടടി താഴ്ചയിലും കുഴിയെടുത്ത് 150 എം.എം. പൈപ്പാണ് സ്ഥാപിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന 1140 ഗാർഹിക കണക്ഷനു പുറമേ പുതിയതായി ജലജീവൻ മിഷൻ പദ്ധതിയിൽ 445 കണക്ഷനുകളും നൽകി. ഡിസംബർ പത്തോടെ പദ്ധതി പൂർത്തീകരിച്ച് കുടിവെള്ളം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പുല്ലാട് ജല അതോറിറ്റി അസിസ്റ്റന്റ് എൻജീനിയർ പ്രദീപ്കുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..