Caption
പന്തളം : നഗരസഭയുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് മുന്നോടിയായി മുട്ടാർ നീർച്ചാലിന്റെ തീരം കാടും മാലിന്യവും മാറ്റി വൃത്തിയാക്കുന്ന ജോലി ആരംഭിച്ചു.
പന്തളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനോടു ചേർന്നു കിടക്കുന്ന ഭഗമാണ് മണ്ണുമാന്തിയുപയോഗിച്ച് പ്രളയമാലിന്യവും കാടും നീക്കി വൃത്തിയാക്കുന്നത്. നഗരസഭാ ബസ്സ്റ്റാൻഡ്, മാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പെടെയുള്ള പദ്ധതികളാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നിമാത്യു പറഞ്ഞു.
ആദ്യഘട്ടമായി കാടുതെളിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന ജോലിയാണ് ചെയ്യുന്നത്.
ഇപ്പോൾ ചന്ത പ്രവർത്തിക്കുന്ന സ്ഥലത്തിനോട് ചേർന്നുകിടക്കുന്ന നഗരസഭ വക സ്ഥലവും മാലിന്യംനീക്കി വൃത്തിയാക്കും. പഞ്ചായത്തായിരുന്ന സമയത്ത് സ്ഥലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനായി നൽകിയെങ്കിലും പേരിൽ ചേർത്തിട്ടില്ല. അതിനാൽ സ്റ്റാൻഡിൽ നടപ്പാക്കേണ്ട പല പദ്ധതികൾക്കും തടസ്സവും അനുഭവപ്പെടുന്നുണ്ട്. ചുറ്റുമതിൽപോലുമില്ലാതെ കിടക്കുന്ന ബസ് സ്റ്റാൻഡിന്റെ സ്ഥലം എത്രയാണെന്നോ എവിടെവരെയാണെന്നോ അധികൃതർക്കുപോലും അറിവില്ല.
കാട് തെളിച്ചപ്പോഴും നീർച്ചാൽ വൃത്തിയാക്കിയപ്പോഴുമാണ് മാലിന്യത്തിന്റെ ബാഹുല്യം ജനങ്ങൾ കാണുന്നത്. വിശാലമായ ചാലിൽ വെള്ളം കാണാൻ കഴിയാത്തതുപോലെ പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യം നിറഞ്ഞു കിടക്കുകയാണ്.
വർഷങ്ങളായി പന്തളത്തെ ജനങ്ങൾ കേൾക്കാൻ തുടങ്ങിയതാണ് മുട്ടാർ നീർച്ചാൽ നവീകരണപദ്ധതി. 15 വർഷം മുമ്പ് തുടങ്ങിയ നവീകരണ പദ്ധതികൾ എങ്ങും എത്താതെ നിൽക്കുകയാണ്.
കുറുന്തോട്ടയം പാലത്തിന് താഴെ വെള്ളം കാടിപോലെ കലങ്ങി ദുർഗന്ധം വമിച്ച് കിടക്കുന്നു.
ഹോട്ടലുകളിലേതുൾപ്പെടെ എല്ലാ മാലിന്യപൈപ്പുകളും നീർച്ചാലിലേക്ക് തുറന്നിരിക്കുന്നു. രാത്രിയും പകലും വ്യത്യാസമില്ലാതെ മാലിന്യം നീർച്ചാലിലേക്ക് ഉപേക്ഷിക്കുന്നു. ഇതിനെല്ലാം പരിഹാരമാകുന്ന പദ്ധതിയാണ് വേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..