കോഴഞ്ചേരി : കുമ്പനാട്-ആറാട്ടുപുഴ റൂട്ടിൽ ബസ് സൗകര്യമില്ലാത്തത് നാട്ടുകാർക്ക് പ്രതിസന്ധിയാകുന്നു. കുമ്പനാട്-ആറാട്ടുപുഴ, ഓതറ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ അവഗണനകൊണ്ട് പൊതുഗതാഗതം ഇനിയും ഏറെ അകലെയാണ്. റോഡിന്റെ മോശം അവസ്ഥയും സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കാതിരുന്നതുമാണ് ഇതുവഴിയുള്ള പൊതുഗതാഗതം നിലയ്ക്കാൻ കാരണമായത്. പ്രദേശവാസികളും ജനപ്രതിനിധികളും എം.എൽ.എയ്ക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടും ഗതാഗത സൗകര്യമൊരുക്കാതെ ജനങ്ങളെ ചുറ്റിക്കുകയാണ് അധികൃതർ.
കുമ്പനാട്-ആറാട്ടുപുഴ റൂട്ട്
ഒരു കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ നാല് സർവീസുകൾ ഉണ്ടായിരുന്ന കുമ്പനാട്-ആറാട്ടുപുഴ ഇപ്പോൾ ഒരു ബസുപോലുമില്ല. വില്ലേജ് ഓഫീസ്, ആശുപത്രി, സബ് ട്രഷറി, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ പോകേണ്ടവർ മുന്നൂറ് രൂപയോളം മുടക്കി ഓട്ടോ വിളിച്ചു പോകേണ്ട സ്ഥിതിയാണ്. സ്കൂൾ കുട്ടികളും മറ്റും കിലോമീറ്ററുകളോളം നടന്നാണ് പോകുന്നത്. നേരത്തേ പൊൻകുന്നത്തുനിന്ന് കുമ്പനാട്, ആറാട്ടുപുഴ വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി. സർവീസ് ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെയുള്ളവർക്ക് തിരുവല്ലയിലോ ചെങ്ങന്നൂരിലോ പോയി ബസ് കയറേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസുകൾ മല്ലപ്പള്ളി, റാന്നി, മാന്നാർ, കായംകുളം, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തിയിരുന്നത്. പെർമിറ്റ് ലഭിക്കാത്തതിനാൽ സ്വകാര്യ സർവീസുകൾ കാലക്രമേണ നിലച്ചുപോയി.
അതിനുശേഷം കുമ്പനാട്-ആറാട്ടുപുഴ, കുമ്പനാട്-ഓതറ റോഡുകൾ പൊതുമരാമത്തുവകുപ്പ് ഉന്നത നിലവാരത്തിൽ നിർമിച്ചു.
റോഡ് നിർമാണം നീണ്ടുപോയപ്പോൾ നഷ്ടത്തിലായ സർവീസുകൾ റോഡുപണി പൂർത്തിയായപ്പോൾ പുനരാരംഭിച്ചില്ല. ഇതോടെ സ്വന്തമായി വാഹനം ഉള്ളവർക്കു മാത്രമായി പ്രയോജനം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് കാൽനട തന്നെ ശരണം. ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് നിലച്ചതോടെ കുമ്പനാട്ടെ വാണിജ്യമേഖലയ്ക്കും തിരിച്ചടിയായി.
പെർമിറ്റ് കൊടുത്തില്ല
: 2016-ലാണ് കുമ്പനാട്-ആറാട്ടുപുഴ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ പിന്നീട് ചെങ്ങന്നൂർ ഡിപ്പോയ്ക്ക് ഓടിക്കാൻ ബസില്ലെന്ന പേരിൽ കുമ്പനാട്- ആറാട്ടുപുഴ സർവീസ് നിർത്തി. പെർമിറ്റ് കൊടുക്കാത്തതുമൂലം ഇതുവഴി ഓടിയിരുന്ന പ്രൈവറ്റ് ബസുകളും സർവീസ് നിർത്തി.
സുബിൻ നീറുംപ്ലാക്കൽ, കുമ്പനാട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..