സീതത്തോട് : ഗുരുനാഥൻമണ്ണ് ട്രൈബൽ യു.പി.സ്‌കൂളിന്റെ സംരക്ഷണഭിത്തി നിർമാണത്തിലെ ക്രമക്കേടിനെപ്പറ്റി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പരാതിനൽകിയതിനെ ചൊല്ലി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഭരണ-പ്രതിപക്ഷ തർക്കവും ബഹളവും. സംരംക്ഷണഭിത്തി നിർമാണം ഉൾപ്പെടെ വൻക്രമക്കേട് നടത്തിയ അഞ്ചിനങ്ങളിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. നിയമപരമല്ലാത്ത നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കാട്ടിയാണ് പ്രതിപക്ഷമായ യു.ഡി.എഫ്. രേഖാമൂലം വിയോജനക്കുറിപ്പ് നൽകിയത്.
പ്രവർത്തിക്കാതെ കിടക്കുന്ന ബയോഗ്യാസ് പ്ലാന്റിൽ ഓപ്പറേറ്ററായി സി.പി.എം. ലോക്കൽ സെക്രട്ടറിയെ നിയമിക്കാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിർത്തു. കൊച്ചാണ്ടി കുഴൽക്കിണർ കുടിവെള്ള പദ്ധതി, ആയുർവേദാശുപത്രിയുടെ പേരിൽ മറ്റൊരു പദ്ധതിക്ക് വേണ്ടി ഫണ്ട് ചെലവഴിക്കാനുള്ള നീക്കം, ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ ഉച്ചഭാഷണി പ്രവർത്തിപ്പിച്ചതിന് പണം നൽകാനുള്ളതുൾപ്പെടെയുള്ള നടപടികളെയാണ് എതിർത്തതെന്ന് പ്രതിപക്ഷ നേതാവ് ശ്യാമളാ ഉദയഭാനു, അംഗങ്ങളായ സുനി ഏബ്രഹാം, ശ്രീദേവി രതീഷ് എന്നിവർ പറഞ്ഞു. പഞ്ചായത്തിന്റെ പണം കൊള്ളയടിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും എതിർക്കുമെന്നും യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..