സീതത്തോട് : പണം ലഭിക്കാത്തതിനെ തുടർന്ന് ആദിവാസിക്കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങൾ ഓട്ടം നിർത്തി. മൂഴിയാർ, പ്ലാപ്പള്ളി, മഞ്ഞത്തോട് വനമേഖലയിലുള്ള ആദിവാസിക്കുട്ടികളുടെ പഠനം വീണ്ടും മുടങ്ങി. ഇതോടെ യു.പി.തലംമുതൽ പത്താംക്ലാസുവരെ പഠിക്കുന്ന 24 കുട്ടികൾക്ക് സ്‌കൂളിലെത്തി പഠനം നടത്താൻ കഴിയാതെവന്നിരിക്കുകയാണ്. ഒക്ടോബറിൽ ഇതേ കാരണത്താൽ രണ്ടാഴ്ചയോളം ഈ കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു. സംഭവം ‘മാതൃഭൂമി’ വാർത്തയാക്കിയതിനെ തുടർന്ന് പ്രശ്നം താത്കാലികമായി പരിഹരിച്ച് കുട്ടികളെ സ്‌കൂളിലെത്തിച്ചിരുന്നെങ്കിലും വാഹനങ്ങൾക്ക് പണം നൽകാതെവന്നതാണ് വീണ്ടും പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്. വിവിധ വനമേഖലകളിൽനിന്നുള്ള കുട്ടികൾ ആങ്ങമൂഴിയിലെ സ്‌കൂളുകളിലെത്തിയാണ് പഠിക്കുന്നത്. വനത്തിനുള്ളിൽനിന്ന് കുട്ടികളെ സ്‌കൂളിലെത്തിച്ച് തിരികെകൊണ്ടുപോകുന്നതിന് ആദിവാസി ക്ഷേമവകുപ്പിന്റെയും പഞ്ചായത്തിന്റെയും അറിവോടെ രണ്ട് വാഹനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. വാഹന ഉടമകൾക്ക് നാലുമാസത്തെ പണം നൽകാനുണ്ട്.
അതിനിടെ പണം നൽകുന്നത് സംബന്ധിച്ച് പട്ടിജാതി ക്ഷേമവകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് കുഴപ്പത്തിനിടയാക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആദിവാസിക്കുട്ടികളുടെ പഠനം അടിക്കടി മുടങ്ങുന്നത് ഇവരുടെ ഭാവിയെ ബാധിക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് കൃത്യമായൊരു ക്രമീകരണം വേണമെന്നും അവർ ആവശ്യപ്പെടുന്നു. പിന്നാക്ക സാഹചര്യങ്ങളിൽനിന്നെത്തുന്ന ആദിവാസിക്കുട്ടികൾ കൃത്യമായി സ്‌കൂളിലെത്താത്തത് അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ആദിവാസിക്കുട്ടികളുടെ പഠനം മുടങ്ങുന്നത് ജനപ്രതിനിധികളും കണ്ടില്ലെന്നുനടിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..