Caption
സീതത്തോട് : കോട്ടമൺപാറയിലെ കൃഷിയിടത്തിൽ കുടിവെള്ള പൈപ്പിന്റെ തകരാറ് പരിഹരിക്കാൻ പോയ യുവാവ് പുലിയുടെ ആക്രമണത്തിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടമൺപാറ മണ്ണിൽ ഷാഫി(49)-ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഓടുന്നതിനിടെ കുഴിയിൽവീണ ഷാഫിക്ക് പരിക്കേറ്റു. കോട്ടമൺപാറയിലുള്ള ഷാഫിയുടെ വീട്ടിലേക്ക് ദൂരെയുള്ള കൃഷിയിടത്തിൽനിന്ന് പൈപ്പ് വഴിയാണ് വെള്ളം എടുത്തിരുന്നത്. ഈ പൈപ്പിൽ തകരാറുണ്ടായി വെള്ളം എത്താതായതോടെ പരിശോധിക്കുന്നതിനായി ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഷാഫി.
റബ്ബർ തോട്ടത്തിന്റെ ഒരു ഭാഗത്ത് എത്തിയപ്പോൾ അവിടെ കാടിനുള്ളിൽ കിടക്കുകയായിരുന്ന പുലി ഷാഫിക്ക് നേരേ ചാടിവീഴുകയായിരുന്നു. പുലിയുടെ പിടിയിൽനിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ ഇയാൾ സമീപത്തെ കുഴിയിൽവീണുപോയി. പുലി പിന്നാലെ എത്തിയെങ്കിലും ഷാഫി ഉച്ചത്തിൽ ബഹളംവച്ചതോടെ പുലി പിൻതിരിഞ്ഞു.
ഈ പ്രദേശത്ത് രണ്ടുമാസംമുമ്പും ഷാഫി പുലിയുടെ മുമ്പിൽപെട്ടിരുന്നു.
അന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയാണുണ്ടായതെന്ന് പറയുന്നു. ഇവിടെനിന്നു രണ്ട് കിലോമീറ്റർ അകലെയുള്ള വനത്തിലാണ് നവംബർ 29-ന് വൈദ്യുതിലൈനിന്റെ കാട് തെളിക്കാൻ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചത്. ഈ പ്രദേശത്ത് പുലി, കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
ഞായറാഴ്ച പുലിയുടെ ആക്രമണമുണ്ടായ സ്ഥലത്തിനു സമീപത്താണ് കോട്ടമൺപാറ യു.പി. സ്‌കൂൾ പ്രവർത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..