ഇരുവെള്ളിപ്പറയിൽ തകർന്ന റോഡിന്റെ ഭാഗത്ത് പ്രതിഷേധവുമായി നാട്ടുകാർ എത്തിയപ്പോൾ
തിരുവല്ല : കനത്തമഴയിൽ ഒലിച്ചുപോയ റോഡിൽ ദുരിതയാത്രയുമായി നാട്ടുകാർ. റോഡ് തകർന്നിട്ട് ഒരുവർഷം പിന്നിട്ടിട്ടും നന്നാക്കാതെ അധികൃതർ. ഇരുവെള്ളിപ്പറയിൽ റെയിൽവേ അടിപ്പാത കഴിഞ്ഞ് അങ്കണവാടി പ്രദേശത്തേക്കുള്ള റോഡാണ് തകർന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 10-നായിരുന്നു മഴയിലും വെള്ളപ്പൊക്കത്തിലും റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയത്.
തിരുമൂലപുരം-കറ്റോട് റോഡിൽ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയോട് ചേർന്നുള്ള ഭാഗത്താണ് 30 മീറ്ററോളം ഇടിഞ്ഞുപോയത്. ഇടമനത്തറ കോളനിയിലുള്ളവർ അടക്കം 350-ഓളം കുടുംബങ്ങളുടെ ആശ്രയമാണ് പാത.
ടാർ ചെയ്തിരുന്ന റോഡിൽ ഇടിഞ്ഞഭാഗത്ത് ഇരുചക്രവാഹനം കടത്തിക്കൊണ്ടുപോകാൻപോലും പ്രയാസമാണ്. അങ്കണവാടിയിലേക്കുള്ള കുട്ടികൾ അടക്കം ഈപാതയിലൂടെയാണ് പോകുന്നത്.
റോഡ് പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപരിപാടികൾ ആസൂത്രണംചെയ്യുകയാണ്.
വി.ആർ. രാജേഷ്, തീരം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. തോമസ്, സെബാസ്റ്റ്യൻ വർഗീസ്, കെ.വൈ. യോഹന്നാൻ, സോജാ കാർഡോസ്, എം.ജി. സോമൻ പള്ളത്ത്, വർഗീസ് ജോയ്, സുരേഷ് ജോസഫ്, തങ്കച്ചൻ പുല്ലാഴി, ബിന്ദു മത്തായി, കുട്ടായി മുല്ലശ്ശേരി, തമ്പി നെടുംതറയിൽ, നിഷ മുല്ലശ്ശേരി, അല്ലേഷ് നെടുംതറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..