സീതത്തോട് : മൂഴിയാർ, പ്ലാപ്പള്ളി, മഞ്ഞത്തോട് വനമേഖലയിലെ ആദിവാസികുട്ടികൾ സ്‌കൂളുകളിൽ എത്തിയിട്ട് രണ്ടാഴ്ച കഴിയുന്നു.
പണം നൽകാതെ വന്നതോടെ ഇവരെ സ്‌കൂളിലെത്തിച്ചിരുന്ന വാഹനങ്ങൾ ഓട്ടം നിർത്തിവെച്ചതാണ് കുട്ടികളുടെ പഠനം മുടങ്ങാൻ കാരണം. ഈ വാഹനങ്ങളുടെ പണം നൽകാനോ പകരം സംവിധാനം ഒരുക്കാനോ ആരും തയ്യാറാകാത്തതാണിപ്പോൾ പ്രശ്‌നം. അതിനിടെ വാഹനങ്ങൾക്ക് പണം നൽകുന്നത് സംബന്ധിച്ച് രണ്ട് വകുപ്പുകൾ തമ്മിലുണ്ടായിട്ടുള്ള തർക്കമാണ് ഇരുപതിൽപ്പരം കുട്ടികളുടെ ഭാവി കുഴപ്പത്തിലാക്കിയത്.
ജനപ്രതിനിധികളടക്കമുള്ളവരുടെ മുമ്പിൽ കുട്ടികളുടെ പ്രശ്‌നം എത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാൻ ആരും തയ്യാറായിട്ടില്ല. സീതത്തോട് ഗ്രാമപ്പഞ്ചായത്താണ് വാഹനങ്ങൾക്ക് പണം നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നതെന്ന് പറയുന്നു.
എന്നാൽ ഒരു ഉന്നതന്റെ ഇടപെടലിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പണം നൽകാൻ വിസമ്മതിക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം ആദിവാസി ക്ഷേമവകുപ്പ് അധികൃതരും ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ആദിവാസിക്ഷേമത്തിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് ഇരുപതിൽപ്പരം ആദിവാസികുട്ടികളുടെ ഭാവി ഏതാനും ചിലർ തട്ടിക്കളിക്കുന്നത്.
ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതുന്ന നാലുകുട്ടികളും പഠനം മുടങ്ങിയ കൂട്ടത്തിലുണ്ട്.
കുട്ടികളെ സ്‌കൂളിലെത്തിച്ചിരുന്ന വാഹനങ്ങൾക്ക് നാലുമാസമായി പണം നൽകാതെ വന്നതോടെയാണ് വാഹന ഉടമകൾ ഓട്ടം നിർത്തിവെച്ചത്. അവർ പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ആദിവാസി ക്ഷേമത്തിന് ലക്ഷക്കണക്കിന് രൂപ ഓരോവർഷവും ഗ്രാമപ്പഞ്ചായത്തിന് ലഭിക്കുന്നുണ്ട്.
ഫണ്ടിന്റെ അഭാവം ഇല്ലെന്നിരിക്കെ പണം നൽകാത്തത് മറ്റ് ചില പ്രശ്‌നങ്ങളുടെ പേരിലാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..