കൂരാമ്പാറയിൽ പട്ടാപ്പകൽ കാട്ടാന മണിക്കൂറുകൾക്ക് ശേഷം വനത്തിലേക്ക് മടങ്ങി


കൂരാമ്പാറയിലിറങ്ങിയ കാട്ടാന വനപാലകർ തുരത്തിയതിനെ തുടർന്ന് കക്കാട്ട് ആറ്റിലൂടെ മറുകരയിലുള്ള അള്ളുങ്കൽ വനത്തിലേക്ക് പോകുന്നു

സീതത്തോട് : ചിറ്റാർ-കൂരാമ്പാറയിൽ പട്ടാപ്പകൽ ഭീതിപരത്തി ഒറ്റയാൻ. രണ്ടാഴ്ചയിലധികമായി കൂരാമ്പാറ, കമ്പിപ്പാലം മേഖലയിലെ ജനങ്ങളെയാകെ ഭീതിയിലാക്കി വിലസുന്ന ഒറ്റയാനാണ് ചൊവ്വാഴ്ച രാവിലെ മണിക്കൂറുകളോളം കൂരാമ്പാറയിലെ കൃഷിയിടത്തിൽ നിലയുറപ്പിച്ചത്. സംഭവമറിഞ്ഞ് എത്തിയ വനപാലകരും നാട്ടുകാരും കൂടി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കൊമ്പനെ വനത്തിനുള്ളിലേക്ക് കടത്തിവിട്ടത്. പതിവുപോലെ കക്കാട്ടാറ് കടന്ന് മറുകരയിലേക്കുള്ള വനത്തിൽ കയറിപ്പോയി.

കൂരാമ്പാറ, കമ്പിപ്പാലം മേഖലയിലെ കൃഷിയിടങ്ങളിൽ രണ്ടാഴ്ചയായി ഈ ചുള്ളിക്കൊമ്പൻ വലിയ നാശം വിതയ്ക്കുകയാണ്. ഉച്ച കഴിയുന്നതോടെ അള്ളുങ്കൽ വനത്തിൽനിന്ന് കക്കാട്ടാറ് കടന്ന് മത്തങ്ങമല ഭാഗത്തുകൂടി ജനവാസ കേന്ദ്രത്തിനടുത്തെത്തും. പുലർച്ചെ മാത്രമെ പിന്നീട് വനത്തിനുള്ളിലേക്ക് മടങ്ങിപ്പോകു. ആനയെ ഓടിക്കാൻ ദിവസവും വനപാലകരും നാട്ടുകാരുമൊക്കെ ചേർന്ന് പടക്കം പൊട്ടിക്കലും ആഴികൂട്ടലുമൊക്കെ നടത്താറുണ്ടെങ്കിലും ചുള്ളിക്കൊമ്പൻ അതിനൊന്നും വഴങ്ങാറില്ല. രണ്ട് ദിവസം മുമ്പ് ആനത്താരയിൽ വലിയ ആഴികൂട്ടി വനപാലകർ പ്രതിരോധം സൃഷ്ടിച്ചെങ്കിലും അല്പം മാറി മറ്റൊരു വഴിയിലൂടെ ആന കൃഷിയിടത്തിലെത്തി.

കഴിഞ്ഞദിവസം കാട്ടാനയ്ക്ക് മുമ്പിൽ ചെന്നുപെട്ട വനപാലകസംഘം, നാട്ടുകാർ മുന്നറിയിപ്പ് നൽകിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെടാനായത്. കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ചിറ്റാർ-സീതത്തോട് പാതയിലെ രാത്രി വാഹന യാത്രയും ഭീഷണിയുകുന്നു. ഈ വഴി മിക്ക സമയവും ഇരുചക്ര വാഹനങ്ങളുൾപ്പടെ കടുന്നുപോകുക പതിവാണ്. കൂരാമ്പാറ ജനവാസമില്ലാത്ത സ്ഥലമായതിനാൽ ഇവിടെ കാട്ടാന റോഡിൽ കയറിയാൽ മുന്നറിയിപ്പ് പോലും ലഭിക്കാതെ വാഹന യാത്രക്കാർ കാട്ടാനയ്ക്ക് മുമ്പിൽ ചെന്നുപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..