Caption
സീതത്തോട് : ജില്ലയുടെ മലയോര മേഖലയിലെ നാല് വില്ലേജുകളിലെ ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കി പെരിയാർ കടുവ സങ്കേതത്തിന്റെ പുതിയ ബഫർ സോൺ സർവേ റിപ്പോർട്ട് പുറത്തു വന്നു.
ഇതനുസരിച്ച് കൊല്ലമുള, പെരുനാട്, ചിറ്റാർ, സീതത്തോട് വില്ലേജുകൾ പൂർണമായും കടുവ സങ്കേതത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബഫർ സോണിനെ പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷൻ പുറത്തുവിട്ട ഉപഗ്രഹ സർവേ മാപ്പിലാണ് നാലുവില്ലേജുകൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം റിപ്പോർട്ട് മലയോര മേഖലയിൽ വൻ പ്രതിഷേധത്തിനിടയാക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കിഫ ഉൾപ്പടെയുള്ള കർഷക സംഘടനകൾ ഇതിനുള്ള ആലോചനകളാരംഭിച്ചു.
പുതിയ സർവേ പ്രകാരമുള്ള നടപടികൾ പ്രാവർത്തികമായാൽ മലയോര മേഖലയിലെ ആയിരക്കണക്കിനാളുകളുടെ ജീവിതം പ്രതിസന്ധിയിലാകും.
പെരിയാർ കടുവ സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ വായുദൂരത്തിലുള്ള പ്രദേശം ബഫർ സോണിൽ പെടുമെന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നത്. ജനവാസ കേന്ദ്രങ്ങളുൾപ്പെടുത്തി ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം പുറത്തുവന്നതോടെ നേരത്തെതന്നെ കർഷകരും നാട്ടുകാരും വൻപ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌നം പഠിക്കാൻ സർക്കാർ പുതിയ കമ്മിഷനെ നിയോഗിച്ചത്.
ഇതാവട്ടെ നാലുവില്ലേജുകൾ പൂർണമായി ബഫർ സോണിൽപ്പെടുന്ന തരത്തിലുള്ള സർവേ റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
മുമ്പുണ്ടായിരുന്ന റിപ്പോർട്ട് പ്രകാരം കൊല്ലമുള വില്ലേജിൽ കുറെയധികം സ്ഥലങ്ങൾ ബഫർസോണിൽ പെടുമെന്നും മറ്റ് വില്ലേജുകളിൽ നാമമാത്ര സ്ഥലങ്ങൾ മാത്രമെ ഉൾപ്പെടുകയുള്ളുവെന്നുമാണ് വിവരം പുറത്ത് വന്നത്.
ഇപ്പോൾ നാലുവില്ലേജുകൾ പൂർണമായി ഉൾപ്പെടുമെന്ന തരത്തിലുള്ള രൂപ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന മാപ്പിൽ റോഡുകളോ പുഴകളോ സ്ഥലനാമങ്ങളോ ജനങ്ങൾക്ക് മനസ്സിലാകും വിധമല്ലെന്നും ആക്ഷേപമുണ്ട്. ഇത് മേഖലയിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നാല് വില്ലേജുകൾ പൂർണമായി ഉൾപ്പെട്ടാൽ നാൽപ്പതിനായിരത്തിൽപ്പരം കുടുംബങ്ങളെയാണ് പ്രശ്‌നം ബാധിക്കുക.
മാപ്പ് അപൂർണവും അശാസ്ത്രീയവും-കിഫ
സീതത്തോട് : ഒരുകിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ച് സർക്കാർ പുറത്തുവിട്ട മാപ്പുകൾ അപൂർണവും അശാസ്ത്രീയവുമാണെന്ന് കർഷക സംഘടനയായ കിഫ. മാപ്പിൽ ഓരോ കിലോമീറ്ററും വ്യക്തമായി അടയാളപ്പെടുത്തണം.
നിലവിലെ സാറ്റലൈറ്റ് സർവേയിൽ ഗുരുതര പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് തിരുത്താൻ തയ്യാറാകണമെന്നും കിഫ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സർവേയിൽ കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും അനേകമടങ്ങ് കെട്ടിടങ്ങൾ ബഫർ സോണിൽ ഉണ്ടാകാനിടയുണ്ട്.
അടിസ്ഥാനപരമായ പഠനങ്ങൾ നടത്താതെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്ന് കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജ്, ചെയർമാൻ അലക്‌സ് ഒഴുകയിൽ എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..