സീതത്തോട് : സീതത്തോട് ചന്തക്കടവിൽ മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി രണ്ടുവർഷം മുമ്പ് പണിത കോൺക്രീറ്റ് പടവ് ഇടിഞ്ഞുപോയി. ഇവിടെ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയ സംരക്ഷണഭിത്തിയും ഏതുസമയവും ഇടിഞ്ഞു പോകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. നിർമാണ പ്രവർത്തനങ്ങളിലെ ഗുരുതരമായ ക്രമക്കേടാണ് കോൺക്രീറ്റ് പടവുകൾ ഇത്രപെട്ടെന്ന് ഇടിഞ്ഞുപോകാനിടയാക്കിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിൽനിന്ന് 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കക്കാട്ടാറിന്റെ തീരത്ത് കോൺക്രീറ്റ് പടവ് പണിതത്.
കോൺക്രീറ്റ് ഇടിഞ്ഞുപോയ ഭാഗം പരിശോധിച്ചാൽ വേണ്ടത്ര നിലവാരമില്ലാതെയാണ് പണിതതെന്ന് വ്യക്തമാണ്. പടവിന്റെ അടിത്തട്ടിന്റെ ഒരുഭാഗമാണ് പൊട്ടിത്തകർന്നുപോയത്. നിർമാണ പ്രവർത്തനങ്ങളുടെ തുടക്കത്തിലെ ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുയർന്നിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പണി പൂർത്തിയാക്കിയത്. കടവിലെ കോൺക്രീറ്റ് ജോലിക്ക് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ പഞ്ചായത്തിൽ നിരവധി അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നിലവിലുണ്ട്. അടുത്തിടെ 25-ലക്ഷംരൂപ ചെലവഴിച്ച് ഗുരുനാഥൻമണ്ണ് ട്രൈബൽസ്കൂളിന് സംരക്ഷണഭിത്തി പണിതതിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടന്നുവരുകയാണ്. നിർമാണ ജോലി ടെൻഡർ ചെയ്യാതെയും മറ്റ് വ്യവസ്ഥകൾ പാലിക്കാതെയും നടത്തിയതാണ് പരാതിക്കിടയാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..