ബഫർസോൺ വിഷയം: അവകാശപ്പോരാട്ടത്തിന് മലയോര ജനത


സമരം ഇന്നുമുതൽ

സീതത്തോട് : ജില്ലയുടെ മലയോര മേഖലയിലെ നാലുവില്ലേജുകളിൽപെട്ട സ്ഥലങ്ങളെ പെരിയാർ കടുവ സങ്കേതത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കർഷകർ സമരം തുടങ്ങുന്നു. സ്വതന്ത്ര കർഷകസംഘടനയായ കിഫയാണ് പ്രതിഷേധ സമരത്തിന് രൂപം നൽകിയിട്ടുള്ളത്. ഇതോടനുബന്ധിച്ച്‌ വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ ഡിസംബർ 17-ന് പ്രതിഷേധ മാർച്ചും ബോധവത്കരണ യോഗങ്ങളും നടത്തും. സീതത്തോട്ടിൽ വൈകീട്ട് അഞ്ചിന് പൊതുസമ്മേളനവുമുണ്ട്.

ബഫർസോൺ വിഷയത്തിൽ വനംമന്ത്രി നടത്തിയ പ്രസ്താവനകൾ കർഷകസംഘടനകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. കർഷക സംഘടനകൾ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു മന്ത്രി കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടത്തിയ പ്രഖ്യാപനം. സീറോ ബഫർസോണാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണിപ്പോൾ മന്ത്രി പറയുന്നത്. എന്നാൽ 2019 ഒക്‌ടോബർ 23-ന് ചേർന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും ഉൾപ്പടെയുള്ള സ്ഥലങ്ങൾ ഒരുകിലോമീറ്റർ വരുന്ന സ്ഥലങ്ങൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ എടുത്ത തീരുമാനം പിൻവലിക്കാൻ തയ്യാറുണ്ടോ എന്നും കർഷക സംഘടനകൾ ചോദിക്കുന്നു.

ആശങ്ക നിറയുന്നു

ബഫർ സോൺ പ്രശ്നം മലയോര മേഖലയിലെവിടെയും വലിയ ചർച്ചയായതോടെ ജനങ്ങൾ ആശങ്കയിലാണ്. ജനവാസ മേഖലകളും കൃഷിയിടങ്ങളും ബഫർസോണിൽ ഉൾപ്പെട്ടാൽ ജീവിതം ദുസ്സഹമാകും. കാലിവളർത്തൽ, ഫാമുകൾ, റബ്ബർ കൃഷി തുടങ്ങി പല ജോലികളും നിലയ്ക്കും. റവന്യൂഭൂമിയിലും വനംവകുപ്പിന്റെ കടുത്ത നിയന്ത്രണങ്ങൾ വരുന്നതോടെ വികസന പ്രവർത്തനങ്ങളും സ്തംഭിക്കും. ഇത് മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജ് പറയുന്നു. ഇപ്പോൾ ബഫർസോണിൽ ഉൾപ്പെടുമെന്നു പറയുന്ന നാലു വില്ലേജുകളിലായി ആയിരക്കണക്കിനേക്കർ കൈവശ കൃഷിഭൂമിയുണ്ട്. അരനൂറ്റാണ്ടിലധികമായി മേഖലയിലെ ജനങ്ങൾ കൈവശ കൃഷിഭൂമിയുടെ പട്ടയത്തിന് കാത്തിരിക്കുകയാണ്. അതിനിടെയാണ് പുതിയ വെല്ലുവിളി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..