സീതത്തോട് : ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിക്കാൻ പദ്ധതികളില്ലാതെ ചിറ്റാർ പഞ്ചായത്തിൽ കെട്ടിക്കിടക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി സ്ഥിതി തുടർന്നിട്ടും ആവശ്യമായ പദ്ധതികളാസൂത്രണം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല.
ശബരിമലയോട് അടുത്തുകിടക്കുന്ന പഞ്ചായത്തുകൾക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി വർഷംതോറും സർക്കാർ അനുവദിക്കുന്ന തുകയാണിത്. 61,35,462 രൂപയാണ് പഞ്ചായത്തിൽ ചെലവഴിക്കപ്പെടാതെ കിടക്കുന്നത്. ഇതിന് പുറമേ ഇക്കൊല്ലം 9.43 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
2017 മുതൽ 2021 വരെ മാത്രം 79,60,000 രൂപ ഇടത്താവളത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനായി ചിറ്റാർ പഞ്ചായത്തിന് സർക്കാർ അനുവദിച്ചിരുന്നു. അഞ്ചുവർഷംകൊണ്ട് ഇതിൽ 18,24,538 രൂപ മാത്രമാണ് പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്.
അതും ശരിയായില്ല
അതിനിടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഒരു ഇടത്താവളം പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവിടെ യാതൊരുവിധ സൗകര്യങ്ങളുമില്ല. മണ്ഡലകാലത്ത് ഈ വഴിയെത്തുന്ന തീർഥാടകർക്ക് ഇത് തുറന്നുകൊടുക്കാറുമില്ല.
അതേസമയം മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ധാരാളം തീർഥാടകർ ഈ വഴിയെത്തുക പതിവാണ്. എന്നാൽ, ചിറ്റാറിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ഇവർ ഇവിടെ തങ്ങാറില്ല. ചിറ്റാർ പഴയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇടത്താവളം പണിത് സൗകര്യങ്ങളൊരുക്കണമെന്ന് നിർദേശങ്ങളുയർന്നിരുന്നെങ്കിലും പദ്ധതികൾ മാത്രം വെളിച്ചം കണ്ടില്ല.
ശബരിമല തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കിയാൽ മണ്ഡലകാലം ഒഴികെ വർഷത്തിൽ പത്തുമാസവും ഗ്രാമപ്പഞ്ചായത്തിന് ഈ സൗകര്യങ്ങൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും.
എന്താ ഇങ്ങനെ
ശബരിമല ഇടത്താവളവുമായി ബന്ധപ്പെട്ട് ഫലപ്രദമായ പദ്ധതികൾ തയ്യാറാക്കിയാൽ സർക്കാരിന്റെ കൂടുതൽ സഹായം ലഭിക്കുമെന്നിരിക്കെയാണ് ഇവിടെ അനുവദിച്ച തുകപോലും ചെലവഴിക്കപ്പെടാതെ കുന്നുകൂടി കിടക്കുന്നത്.
ഫണ്ട് ആവശ്യമില്ലെങ്കിൽ വിവരം സർക്കാരിനെ അറിയിക്കണമെന്നും മേലിൽ തുക കൈപ്പറ്റുന്നത് ഒഴിവാക്കണമെന്നും ഓഡിറ്റ് വിഭാഗം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..