ബഫർസോൺ വിഷയത്തിൽ ചിറ്റാറിൽ നടത്തിയ പ്രതിഷേധയോഗം കിഫ ലീഗൽ ഡയറക്ടർ അഡ്വ.ജോണി കെ.ജോർജ് ഉദ്ഘാടനം ചെയ്യുന്നു
സീതത്തോട് : ബഫർസോൺ വിഷയത്തിൽ വൻ പ്രതിഷേധമുയർത്തി പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയിൽ കർഷക സമരത്തിന് തുടക്കമായി. സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിലാണ് ബഫർ സോൺ പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച നാലു പഞ്ചായത്തുകളിൽ സമരം തുടങ്ങിയത്. കൊല്ലമുളയിൽനിന്നാരംഭിച്ച സമരത്തിൽ പെരുനാട്, സീതത്തോട്, ചിറ്റാർ എന്നിവിടങ്ങളിൽ ഒട്ടേറെപ്പേർ അണിനിരന്നു. പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു.
മലയോര മേഖലയിലെ നാലു വില്ലേജുകൾ പെരിയാർ കടുവ സങ്കേതത്തിന്റെ ബഫർ സോണിൽപ്പെട്ടതോടെയാണ് ജനം ആശങ്കയിലായത്. നാലു വില്ലേജുകളിലായി ഒരു ലക്ഷത്തിലധികം ആളുകളെയും അമ്പതിനായിരം ഏക്കർ കൃഷിഭൂമിയെയും ബാധിക്കുന്നതാണ് പ്രശ്‌നം.
സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്ന വിഷയമെന്നനിലയിലാണ് മലയോര മേഖലയിൽ പ്രതിഷേധം ശക്തമായിട്ടുള്ളത്. കാരണം അടുത്തുതന്നെ സുപ്രീംകോടതി വിഷയത്തിൽ തീർപ്പു കൽപ്പിക്കാനിരിക്കുകയാണ്.
എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയുന്നത് സംസ്ഥാന സർക്കാരിന് മാത്രമാണ്.
ഇക്കാര്യത്തിൽ സർക്കാർ ഇനിയും വ്യക്തമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.
ബഫർ സോണിൽ ഉൾപ്പെട്ടാൽ റവന്യൂ ഭൂമിയിൽ പോലും വന നിയമങ്ങളനുസരിച്ചുള്ള കടുത്ത നിയന്ത്രണങ്ങളാകും ഉണ്ടാകുക.
നിർമാണ പ്രവർത്തനങ്ങളും, മറ്റ് വികസനങ്ങളുമെല്ലാം തടസ്സപ്പെടും, നാലുവില്ലേജുകളിലെ ആയിരക്കണക്കിന് ഏക്കർ കൈവശ കൃഷിഭൂമക്ക് പട്ടയം ലഭിക്കുന്നതും പ്രതിസന്ധിയിലാകും. ചിറ്റാറിൽ ചേർന്ന പ്രതിഷേധ യോഗം റോയി കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കിഫ ലീഗൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ് ഉദ്ഘാടനം ചെയ്തു.
കിഫ ജില്ലാ പ്രസിഡന്റ് ജോളി കാലായിൽ, സെക്രട്ടറി എ.ടി.ജോർജ്, എം.ടി.പ്രസാദ്, ബിൻസു കൊക്കാത്തോട് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..