ബഫർസോൺ; ആശങ്കയൊഴിയുന്നില്ല


യു.ഡി.എഫും സമരമുഖത്തേക്ക്

Caption

സീതത്തോട് : ബഫർസോൺ വിഷയത്തിൽ മലയോരമേഖലയിൽ സമരം ശക്തമാക്കാനുറച്ച് കർഷകസംഘടനകൾ. വരും ദിവസങ്ങളിൽ യു.ഡി.എഫ്.കൂടി സമരരംഗത്തേക്ക് എത്തുന്നതോടെ പ്രശ്‌നത്തിന് രാഷ്ട്രീയ മാനവും കൈവരുകയാണ്. ബഫർസോണിൽ ഉൾപ്പെട്ടിട്ടുള്ള സീതത്തോട്, ചിറ്റാർ, പെരുനാട്, കൊല്ലമുള വില്ലേജുകൾക്ക് പുറമേ ജില്ലയിലുടനീളം സമരം ശക്തമാക്കാനാണ് യു.ഡി.എഫ്. ധാരണ. വിവിധ ക്രൈസ്തവ സംഘടനകളും സമര രംഗത്ത് എത്തിയേക്കും.

ബഫർ സോൺ പ്രശ്‌നത്തിൽ മലയോരമേഖലയിൽ ഇടതുനേതൃത്വം യാതൊരുവിധ അഭിപ്രായവും പുറത്തുവിട്ടിട്ടില്ല. സർക്കാർ നടപടിക്കെതിരേ വ്യാപക വിമർശനമുണ്ട്.

സ്വതന്ത്ര കർഷക സംഘടനയായ കിഫ നടത്തിയ പ്രതിഷേധ സമരങ്ങളിൽ മലയോര മേഖലയിലുടനീളം നിരവധി സി.പി.എം പ്രവർത്തകരും, പ്രാദേശിക നേതാക്കളുമൊക്കെ പങ്കെടുത്തിരുന്നു. ബഫർസോൺ പ്രശ്‌നത്തിൽ കിഫയുടെ പ്രവർത്തനങ്ങളെയാണ് ഭൂരിഭാഗം കർഷകരും നോക്കിക്കാണുന്നത്. പ്രത്യക്ഷ സമരപരിപാടികൾക്ക് പുറമേ നിയമ നടപടികളുമായി കിഫ മുന്നോട്ടുപോകുകയാണ്.

ബഫർസോൺ വിഷയം സംബന്ധിച്ച വീടുകളിലെത്തി ബോധവത്കരണം നടത്തി കർഷകരെ രംഗത്തിറക്കാനാണ് കിഫ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

പിന്നാലെ പട്ടയവും

ബഫർസോൺ വന്നതോടെ മലയോര മേഖലയിൽ കൈവശ കൃഷിഭൂമിയുടെ പട്ടയപ്രശ്‌നവും കത്തിക്കയറുകയാണ്. ഏറ്റവും കൂടുതൽ കൈവശ കർഷകർ പട്ടയത്തിനായി കാത്തിരിക്കുന്നത് കോന്നി നിയോജക മണ്ഡലത്തിലാണ്.

ഇവിടെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിതരണംചെയ്ത പട്ടയം പിന്നീട് വന്ന ഇടതുപക്ഷ സർക്കാർ റദ്ദുചെയ്തിരുന്നു. ഉടൻ പുതിയ പട്ടയം നൽകുമെന്നായിരുന്നു അന്ന് വ്യക്തമാക്കിയിരുന്നതെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. കോന്നി മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ കൈവശ കർഷകരുള്ള പ്രദേശമാണ് ചിറ്റാർ, സീതത്തോട് പഞ്ചായത്തുകൾ. ബഫർ സോൺ വന്നാൽ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള സാധ്യത കുറയുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

കാര്യങ്ങൾ അനുകൂലമാക്കുമോ

ഇപ്പോൾ നടത്തിയിട്ടുള്ള സർവേ പൂർണമായി പിൻവലിച്ച് മാനുവലായി സർവേ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി ബഫർസോൺ നിശ്ചയിക്കണമെന്നുമാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. അതിനിടെ മലയോരമേഖലയിൽ വർധിച്ചു വരുന്ന വന്യമൃഗശല്യവും കർഷകപ്രക്ഷോഭം ഇരട്ടിപ്പിക്കുകയാണ്. രൂക്ഷമായ വന്യമൃഗശല്യം കാരണം ഇപ്പോൾ തന്നെ കൃഷിചെയ്യാൻ പറ്റാത്തസ്ഥിതിയാണ്. ബഫർസോൺ ആകുന്നതോടെ റവന്യൂ ഭൂമിയിൽ പോലും വനനിയമങ്ങൾ ബാധകമാകുമെന്ന് വന്നിട്ടുള്ളത് മലയോര മേഖലയിലെ ജനങ്ങളെ ആകെ ആശങ്കപ്പെടുത്തുകയാണ്. വികസനപ്രവർത്തനങ്ങളെല്ലാം അപ്പാടെ സ്തംഭിപ്പിച്ച് അപ്രഖ്യാപിത കുടിയൊഴിപ്പിക്കലാകും ഇതുമൂലം സംഭവിക്കുകയെന്നും ജനങ്ങൾ ആശങ്കപ്പെടുന്നു.

സമരം ഏറ്റെടുക്കും-പഴകുളം മധു

തന്നിഷ്ടപ്രകാരം ഉപഗ്രഹ സർവ്വേനടത്തിയ കേരള സർക്കാരിന്റെ ബഫർ സോൺ തീരുമാനങ്ങളെല്ലാം കർഷകർക്ക് എതിരാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു കുറ്റപ്പെടുത്തി. ജില്ലയിലെ പ്രശ്നബാധിത പഞ്ചായത്തുകളിൽ വിദഗ്ധരെ ഉൾപ്പെടുത്തി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനുവൽ സർവേ നടത്തി പുതിയ റിപ്പോർട്ടിന് രൂപം നൽകണം. സർക്കാർ തെറ്റ് തിരുത്തി മാനുവൽ സർവേയ്ക്ക് ഉത്തരവിടുകയും ആ വിവരം സുപ്രീം കോടതിയെ അറിയിക്കുകയാണ് വേണ്ടത്. എത്രകാലം സമരം ചെയ്യേണ്ടി വന്നാലും കോൺഗ്രസും യു.ഡി.എഫും മലയോര മേഖലയിലെ ജനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..