സീതത്തോട് : ഗുരുനാഥൻമണ്ണിലെ വ്യാജ വാറ്റുകേന്ദ്രത്തിൽനിന്ന് വീണ്ടും കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഒരാൾ അറസ്റ്റിൽ. എക്‌സൈസ് സംഘത്തെ മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. സീതക്കുഴി വട്ടക്കുന്നേൽ ജോർജുകുട്ടിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കേന്ദ്രത്തിൽനിന്ന് 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പെരുനാട് എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ഗുരുനാഥൻമണ്ണിലെ വാറ്റുകേന്ദ്രത്തിൽ മുമ്പ് തിരച്ചിലിനെത്തിയ എക്‌സൈസ് സംഘത്തെ മർദിച്ച കേസിൽ ഒളിവിലായിരുന്ന ഗുരുനാഥൻമണ്ണ് പതാലിൽ സന്തോഷാണ് പിടിയിലായ മറ്റൊരു പ്രതി. ഈ സംഭവത്തിൽ രണ്ടാംപ്രതിയായി ഉൾപ്പെടുത്തിയിരുന്ന സൈനികൻ മലയാലപ്പുഴ സ്വദേശിയായ യുവാവ് അടുത്തിടെ പഞ്ചാബിലെ ജോലിസ്ഥലത്ത് ജീവനൊടുക്കിയിരുന്നു. ഈ കേസിൽ ഇനി ഏതാനും പ്രതികൾകൂടി പിടിയിലാകാനുണ്ട്.
ഗുരുനാഥൻമണ്ണിൽ വാറ്റുകേന്ദ്രത്തിൽ തിരച്ചിലിനെത്തിയ എക്‌സൈസ് സംഘത്തെ ഒരുസംഘം ആളുകൾ വളഞ്ഞ് മർദിച്ചിരുന്നു. പിന്നീട് വാറ്റുകേസിലെ പ്രതിയെ എക്‌സൈസ് ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവുമടങ്ങുന്ന സംഘം തടഞ്ഞ് മോചിപ്പിക്കാൻ ശ്രമിച്ചത് വിവാദമുയർത്തിയിരുന്നു.
ഗുരുനാഥൻമണ്ണ് മേഖല വൻതോതിൽ വാറ്റുചാരായം ഉണ്ടാക്കിയെടുക്കുന്ന സ്ഥലമാണ്. ഇവിടെയുള്ള വാറ്റുകേന്ദ്രങ്ങളെ പറ്റി പരാതിപറയാൻ നാട്ടുകാർ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്. അത്രകണ്ടാണ് വാറ്റുകാരുടെ രാഷ്ട്രീയ പിൻബലം എന്ന് പറയപ്പെടുന്നു. മേഖലയിലെ വനങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ സജീവമാണെങ്കിലും ഇവിടെയുള്ള ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരൊന്നും ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാറേയില്ല. കോവിഡ് കാലത്ത് ഉൾപ്പെടെ നൂറുകണക്കിന് ലിറ്റർ ചാരായമാണ് ഗുരുനാഥൻമണ്ണിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയത്.
ക്രിസ്‌മസ്-പുതുവർഷ വിൽപ്പന ലക്ഷ്യമിട്ട് ഗുരുനാഥൻമണ്ണ് വനമേഖലയിൽ വാറ്റുകളങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..